mario-draghi

റോം: അവിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതോടെ ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി രാജിവച്ചു. ഇന്നലെ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയ്ക്ക് മരിയോ രാജിക്കത്ത് നൽകി. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുവരെ മരിയോ കാവൽ പ്രധാനമന്ത്രിയായി തുടരും.

കൊവിഡിൽ തകർന്നടിഞ്ഞ ഇറ്റാലിയൻ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവനത്തിനായി പൊരുതുന്നതിനിടെയാണ് രാജ്യത്തിന് നാഥനില്ലാതാകുന്നത്. നിയമസഭ പിരിച്ചുവിട്ട് നേരത്തെ തിരഞ്ഞെടുപ്പ് നടത്തുമോയെന്ന കാര്യം പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, സെപ്തംബറിലോ ഒക്ടോബറിലോ പൊതുതിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ചയാണ് സെനറ്റിൽ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. വോട്ടെടുപ്പിൽ നിന്ന് പ്രധാന മൂന്ന് സഖ്യകക്ഷികൾ മാറി നിന്നതാണ് സർക്കാർ താഴെ വീഴാനിടയാക്കിയത്. സഖ്യത്തിലെ പ്രധാന കക്ഷിയായ ഇടത് സംഘടന പോപ്പുലിസ്റ്റ് ഫൈവ് സ്റ്റാർ മൂവ്‌മെന്റും ലെഗ പാർട്ടിയും ഫോർസ പാർട്ടിയും സർക്കാരിന്റെ ഭാഗമാകാനില്ലെന്ന് പ്രഖ്യാപിച്ചു. പണപ്പെരുപ്പവും ഇന്ധനവില വർദ്ധനവും അടക്കമുള്ള വിഷയങ്ങളിൽ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. മുൻ യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവിയായ ഡ്രാഗി, കൊവിഡിൽ തളർന്ന രാജ്യത്തെ ഉയിർത്തെഴുന്നേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2021ലാണ് ഇറ്റലിയുടെ പ്രധാനമന്ത്രിയായത്.

കഴിഞ്ഞയാഴ്ച ഫൈവ് സ്റ്റാർ മൂവ്‌മെന്റ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചപ്പോൾ ഡ്രാഗി
രാജി സമർപ്പിച്ചിരുന്നെങ്കിലും പ്രസിഡന്റ് രാജി സ്വീകരിച്ചിരുന്നില്ല. പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വ്യക്തമായി സംസാരിക്കാനാണ് പ്രസിഡന്റ് നിർദ്ദേശിച്ചത്. തുടർന്ന് ഡ്രാഗി സെനറ്റിൽ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയും അധികാരത്തിൽ തുടരേണ്ട ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഒന്നിച്ച് പ്രവർത്തിക്കാൻ

സഖ്യ കക്ഷികളോട് അഭ്യർത്ഥിച്ചു. എന്നാൽ, പ്രധാന പ്രശ്നങ്ങൾ ഡ്രാഗി കണക്കിലെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചത്.