ചിറയിൻകീഴ് :ചിറയിൻകീഴിന്റെ സാംസ്കാരികദീപമായ 'വിളക്ക് 'കോവിഡ്കാല മരവിപ്പിനുശേഷം വീണ്ടും പ്രവർത്തനം തുടങ്ങുന്നു. 24ന് എസ്. സി. വി. ബി. എച്ച്. എസ്സിൽ വിളക്കിന്റെ 179 ആമത് പ്രതിമാസചർച്ച നടക്കും.

2005 ൽ ശാർക്കര പറമ്പിലെ സൗഹൃദകൂട്ടായ്മ തുടങ്ങിവച്ച വിളക്ക് അന്തരിച്ച നാടക കൃത്ത് ആർ. മോഹൻദാസ്, എഴുത്തുകാരായ എസ്. ഭാസുരചന്ദ്രൻ, നസിംചിറയിൻകീഴ്,വിജയൻ പുരവൂർ,ഉദയകുമാർ, അഡ്വ. എ. ബാബു, എൻ. പ്രഭൻ എന്നിവരടങ്ങിയ നിർവാഹകസമിതിയുടെ നേതൃത്വത്തിൽ സ്വതന്ത്രമായ തുറന്നുപറച്ചിലുകൾക്ക് വേദിയൊരുക്കി. സദസ്സിലുള്ള ആർക്കും എന്തും പറയാൻ മൈക്ക് നൽകിക്കൊണ്ടാണ് വിളക്ക് സംവാദ വേദിക്കു പുതിയ മുഖം നൽകിയത്.

സിനിമാനാടൻ ജി. കെ. പിള്ള, ഡോ. ജോർജ് ഓണക്കൂർ, ജി. എൻ. പണിക്കർ, ഡോ. ഇന്ദ്രബാബു, പി. രവികുമാർ, കെ. എസ്. രവികുമാർ, അലിയാർ, ചന്ദ്രമതി തുടങ്ങി നിരവധി എഴുത്തുകാരും കലാകാരന്മാരും വിളക്കിന്റെ വേദിയിലെത്തിയിട്ടുണ്ട്.

ശാർക്കര പറമ്പിൽ ചേർന്ന നിർവ്വാഹക സമിതി എം. സജീവ് മോഹനെ കൺവീനർ ആയി തിരഞ്ഞെടുത്തു. 24 ന് വൈകിട്ട് 5ന് ചേരുന്ന സമ്മേളനത്തിൽ 'കോവിഡിൽ നിന്ന് പഠി ച്ചതും പഠിക്കാത്തതും 'എന്ന വിഷയത്തെപ്പറ്റി ഡോ. എം. രാജീവ് കുമാർ മുഖ്യ പ്രഭാഷണവും സി. എസ്. ചന്ദ്രബാബു അനുബന്ധ പ്രഭാഷണവും നടത്തും. ശാർക്കര കൃഷ്ണൻകുട്ടി കവിത ചൊല്ലും.