
ഇന്ത്യ വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം ഇന്ന് പോർട്ട് ഒഫ് സ്പെയ്നിൽ
ഇന്ത്യയെ നയിക്കുന്നത് ശിഖർ ധവാൻ, സഞ്ജു സാംസൺ ടീമിൽ
7pm മുതൽ ഡി.ഡി സ്പോർട്സിൽ,ഫാൻകോഡ് ആപ്പിൽ ലൈവ് സ്ട്രീമിംഗ്
പോർട്ട് ഒഫ് സ്പെയ്ൻ : ഇംഗ്ളണ്ടിൽ ട്വന്റി-20യിലും ഏകദിനത്തിലും പരമ്പരകൾ നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇനി കളികൾ കരീബിയനിൽ. മൂന്ന് ഏകദിനങ്ങൾക്കും അഞ്ച് ട്വന്റി-20കൾക്കുമായാണ് ഇന്ത്യൻ സംഘം വിൻഡീസിലെത്തിയിരിക്കുന്നത്.ഇതിൽ ആദ്യത്തെ ഏകദിനം ഇന്ന് പോർട്ട് ഒഫ് സ്പെയ്നിലെ ക്വീൻസ് ഓവലിൽ നടക്കും. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുന്നത്.
മുൻനിര താരങ്ങളായ രോഹിത് ശർമ്മ,വിരാട് കൊഹ്‌ലി,റിഷഭ് പന്ത്,ഹാർദിക് പാണ്ഡ്യ,മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം നൽകിയിരിക്കുന്നതിനാൽ ശിഖർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്ടൻ.മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ട്. യുവതാരങ്ങളെ പരീക്ഷിക്കാനുള്ള അവസരമായാണ് ഇന്ത്യ ഈ പരമ്പരയെ കാണുന്നത്.
നിക്കോളാസ് പുരാനാണ് വിൻഡീസിനെ നയിക്കുന്നത്. ബംഗ്ളാദേശിനെതിരായ കഴിഞ്ഞ പരമ്പരയിൽ വിശ്രമത്തിലായിരുന്ന മുൻ നായകൻ ജാസൺ ഹോൾഡറെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്.
ട്വന്റി-20 പരമ്പരയിൽ ടീമിലുൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ സഞ്ജുവിന് ഏകദിനങ്ങളിൽ അവസരം നൽകുമെന്നാണ് പ്രതീക്ഷ. ഇംഗ്ളണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും കളിപ്പിച്ചിരുന്നില്ല.അത് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ സഞ്ജു വീണ്ടും ഇന്ത്യൻ ടീമിനൊപ്പം ചേർന്നിരിക്കുകയാണ്.
കഴിഞ്ഞ ഫെബുവരിയിൽ ഇന്ത്യ വിൻഡീസുമായി മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി-20കളും കളിച്ചിരുന്നു നതിലെല്ലാം വിജയം നേടാനും കഴിഞ്ഞിരുന്നു.
വിൻഡീസ് കളിച്ച കഴിഞ്ഞ ഏറ് ഏകദിനങ്ങളിൽ ഒന്നിൽപ്പോലും ജയിക്കാൻ കഴിയാത്തവരാണ്. ബംഗ്ളാദേശിനെതിരെ സമ്പൂർണ പരാജയത്തിന് ശേഷമാണ് പുരാനും സംഘവും ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്.
ക്വീൻസ് ഓവലിൽ കളിച്ച കഴിഞ്ഞ ഒൻപത് ഏകദിനങ്ങളിൽ എട്ടിലും ഇന്ത്യ ജയിച്ചിരുന്നു.ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.
എല്ലാ ഫോർമാറ്റുകളിലുമായി ഈ വർഷം ഇന്ത്യയെ നയിക്കുന്ന ഏഴാമത്തെ ക്യാപ്ടനാണ് ശിഖർ ധവാൻ.
2021ന് ശേഷം 12 തവണ ഏകദിനങ്ങളിൽ വെസ്റ്റ് ഇൻഡീസ് ആദ്യ ബാറ്റിംഗിന് ഇറങ്ങിയിട്ടുണ്ട്.ഇതിൽ ഒൻപത് തവണയും 50 ഓവർ തികച്ച് ബാറ്റ് ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
സാദ്ധ്യതാ ഇലവനുകൾ
ഇന്ത്യ : ശിഖർ ധവാൻ,റിതുരാജ് /ഇഷാൻ കിഷൻ,ശ്രേയസ് അയ്യർ,ദീപക് ഹൂഡ,സഞ്ജു സാംസൺ,സൂര്യകുമാർ യാദവ്,രവീന്ദ്ര ജഡേജ,ശാർദ്ദൂൽ താക്കൂർ,ആവേഷ് ഖാൻ/പ്രസിദ്ധ് കൃഷ്ണ,ചഹൽ,സറാജ്
വിൻഡീസ്: ഷായ് ഹോപ്പ്,ബ്രാൻഡൻ കിംഗ്,ഷർമാ ബ്രൂക്സ്,കെയ്ൽ മേയേഴ്സ്,നിക്കോളാസ് പുരാൻ, റോവ്‌മാൻ പവൽ, ജാസൺ ഹോൾഡർ,അകീൽ ഹൊസെയ്ൻ,അൽസാരി ജോസഫ്,ഗുഡാകേഷ് മോട്ടീ, ജയ്ഡെൻ സീൽസ്.