google

മോസ്കോ: യുക്രെയിൻ യുദ്ധത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകൾ നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കാണിച്ച് ടെക് രംഗത്തെ ഭീമനായ ഗൂഗിളിന് റഷ്യ വൻതുക പിഴ വിധിച്ചു. 21.1 ബില്ല്യൺ റൂബിളാണ് ഗൂഗിളിന് റഷ്യ പിഴ വിധിച്ചിരിക്കുന്നത്. ഇത് ഏകദേശം 29,79.84 കോടി ഇന്ത്യൻ രൂപവരും. യുക്രെയിൻ യുദ്ധത്തെ സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകളിൽ റഷ്യയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകളും യുദ്ധത്തിനും രാജ്യത്തിനുമെതിരെ പ്രതികരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതുമായ വാർത്തകൾ നിയന്ത്രിക്കാൻ ഗൂഗിൾ തയ്യാറായില്ലെന്ന് കാണിച്ചാണ് റഷ്യ വൻ തുക പിഴ ഈടാക്കിയിരിക്കുന്നത്. ഗൂഗിൾ ഇതുവരെയായും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

ഗൂഗിളിന്റെ റഷ്യയിലെ അനുബന്ധ സ്ഥാപനം അടുത്തിടെ സാമ്പത്തിക പരാധീനതകൾ കാണിച്ച് പാപ്പരായി പ്രഖ്യാപിച്ചിരുന്നു. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ അധികൃതർ മരവിപ്പിച്ചതിന് പിന്നാലെയായിരുന്നു ഗൂഗിളിന്റെ നടപടി. ഇതിന് പിന്നാലെ 98 മില്ല്യൺ ഡോളർ പിഴയായി റഷ്യ ഗൂഗിളിന് മേൽ വിധിച്ചിരുന്നു. വ്യാജവാർത്തകൾ നിയന്ത്രിക്കുന്നില്ല എന്ന് കാണിച്ച് തന്നെയായിരുന്നു അന്നും പിഴ വിധിച്ചത്. അടുത്തിടെയായി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളിൽ കൈകടത്തുന്നുവെന്നാരോപിച്ച് റഷ്യയിലെ ടെക് സ്ഥാപനങ്ങളുടെ മേൽ പുടിൻ ഭരണകൂടം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെ ഗൂഗിൾ, ആപ്പിൾ, ആമസോൺ മുതലായ വൻകിട കമ്പനികൾ റഷ്യയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ വലിയ തോതിൽ കുറച്ചിരുന്നു. റഷ്യയിലെ വ്ളോഗർമാരുടെ വരുമാനം പിടിച്ചുവച്ചു കൊണ്ടായിരുന്നു യൂട്യൂബ് യുക്രെയിൻ യുദ്ധത്തിനെതിരെ പ്രതികരിച്ചത്. ഇതെല്ലാം ടെക്ക് കമ്പനികൾക്കെതിരായി റഷ്യൻ ഭരണകൂടത്തിന്റെ വിരോധം ഉയരുന്നതിന് കാരണമായി തീർന്നിരുന്നു.