
വീടുകളിൽ വാതിലുകൾ എന്നതുപോലെ ജനാലകൾക്കും പ്രാധാന്യമുണ്ട്. വീടിന്റെ വടക്കു കിഴക്ക് കേന്ദ്രീകരിച്ചുവേണം പരമാവധി ജനാലകളും കട്ടിളകളും ക്രമീകരിക്കേണ്ടത്. കിഴക്ക് വടക്ക്, വടക്കു കിഴക്ക് ദിക്കുകളിൽ കൂടുതൽ ജനാലകൾ വച്ചാൽ ആ വീട്ടിൽ ഐശ്വര്യം നിറയുമെന്നാണ് വിശ്വാസം. 
വീടിന്റെ നാല് ചുമരുകളുടെ മദ്ധ്യങ്ങളിലും ജനാലകളും വെന്റിലേഷനും കയറിപ്പോകണം. മൂലകളോട് ചേർന്ന് ജനാല വയ്ക്കരുത്. ഫാഷനുവേണ്ടിയുള്ള ഇത്തരം കാട്ടികൂട്ടലുകൾ വലിയ ദോഷത്തെയാവും വിളിച്ചുവരുത്തുക. കട്ടിളയും ജനാലയും വയ്ക്കുന്നതിന് തലേന്നുതന്നെ കൃത്യമായി കയറുപിടിച്ച് വാസ്തുവിന്റെ ഊർജപ്രസരണമേഖല കണ്ടെത്തണം. കിഴക്കും വടക്കും നാലു പാളി അഞ്ചുപാളി ജനാലകൾ വയ്ക്കാൻ കഴിഞ്ഞാൽ അത് നല്ല വാസ്തുബലത്തെ പ്രദാനം ചെയ്യും. 
കിഴക്കുമദ്ധ്യത്തിൽ വയ്ക്കുന്ന ജനാലയ്ക്ക് നേർ എതിർദിശയിൽ അതേ വലിപ്പത്തിലുളള ജനാല തന്നെ വയ്ക്കുന്നത് നല്ലതാണ്. തെക്കും പടിഞ്ഞാറും വശങ്ങളിൽ പരമാവധി രണ്ട് മൂന്ന് പാളി ജനാല മതിയാവും. തെക്കോട്ടുദർശനമായ വീടുകൾക്ക് ചെറിയ മാറ്റം ആവാം. തെക്കിലെ ജനാല നേർതെക്കിൽ നാലു പാളി വരെയാവാം. എന്നാൽ തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറും പരമാവധി ചെറിയ ജനാലകളേ വയ്ക്കാവൂ.