
ജാർഖണ്ഡ്, ഒഡിഷ, ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗോത്രവർഗ വിഭാഗമാണ് മാഞ്ചികൾ എന്നും അറിയപ്പെടുന്ന സന്താളുകൾ. പോരാളികളായ ഇവർ ഇന്ത്യയിലെ മൂന്നാമത്തെ വലിയ പട്ടിക വർഗ സമൂഹമാണ്. ഉയർന്ന സാക്ഷരതയുള്ള സമൂഹം.
നാടോടികളായിരുന്ന സന്താളുകൾ പിന്നീട് ജാർഖണ്ഡിലെ സന്താൾ പർഗാനാസിൽ കേന്ദ്രീകരിച്ച് അവിടെ നിന്ന് ഒഡിഷ, ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിലേക്കും കുടിയേറി. ഇന്ത്യയിൽ 5 ദശലക്ഷത്തിലധികം സന്താളുകളുണ്ട്. കുലത്തൊഴിൽ കൃഷിയാണ്. സന്താലിയാണ് ഭാഷ. ഗർഭിണിയായിരിക്കുമ്പോൾ കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ അവൾ കരയാൻ പാടില്ലെന്നത് സന്താളുകളുടെ ഒരു ആചാരം. ഗർഭിണിയുടെ ഭർത്താവിന് ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനും അനുവാദമില്ല. ഭാര്യ ഗർഭിണിയായിരിക്കെ ഭർത്താവ് മൃഗങ്ങളെ കൊല്ലാനും പാടില്ല. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ജി.സി മുർമു, കേന്ദ്ര ആദിവാസി, ജലശക്തി മന്ത്രി ബിസേശ്വർ തുഡു എന്നിവർ ഈ സമുദായത്തിൽ നിന്നുള്ള പ്രമുഖരാണ്.