
കോഴിക്കോട്: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. പൊലീസ് ക്രൂരമായി മർദിച്ചെന്ന് സജീവന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു.
സജീവനും രണ്ട് സുഹൃത്തുകളും സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. നഷ്ടപരിഹാരത്തെ സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മറ്റേ വാഹനത്തിലുണ്ടായിരുന്നവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മദ്യപിച്ചെന്ന പേരിൽ സജീവനെ എസ് ഐ മർദിച്ചെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. മർദനമേറ്റ സജീവൻ സ്‌റ്റേഷന് മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് ആരോപണം. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.