
ബത്തേരി: വയനാട് മാനന്തവാടിയിലെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് പരിശോധനയ്ക്കായി സാമ്പിൾ ഭോപ്പാലിലേക്ക് അയക്കുകയായിരുന്നു. ഈ ഫാമിലുള്ള ബാക്കി പന്നികളെ കൊന്നൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ഫാമുകളിലും നിരീക്ഷണം ശക്തമാക്കും. ചെക്‌പോസ്റ്റുകളിൽ കർശന പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പന്നികളെയോ, പന്നിയിറച്ചിയോ കൊണ്ടുവരാൻ അനുവദിക്കില്ല.
ചില സംസ്ഥാനങ്ങളിൽ നേരത്തെ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കേന്ദ്രസർക്കാർ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിരുന്നു. ചെള്ളുകൾ വഴിയാണ് പന്നികൾക്ക് രോഗം വരുന്നത്. മനുഷ്യരിലേക്ക് പടരുന്ന വൈറസല്ലെന്ന് അധികൃതർ അറിയിച്ചു.