
ന്യൂഡൽഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ഇന്ന് വെെകിട്ട് നാലിന് പ്രഖ്യാപിക്കും. ന്യൂഡൽഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലൂടെ ജേതാക്കളെ പ്രഖ്യാപിക്കും. സൂര്യയും അപർണ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം 'സൂരറൈ പോട്ര്' മികച്ച ചിത്രത്തിനുള്ള പട്ടികയിലുണ്ട്. മലയാളത്തിൽ നിന്നും അയ്യപ്പനും കോശിയും, മാലിക് എന്നീ ചിത്രങ്ങൾ അവസാന റൗണ്ടിലെത്തിയെന്നാണ് വിവരങ്ങൾ.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനെ മികച്ച സഹനടനുള്ള അവാർഡിന് പരിഗണിക്കുന്നുണ്ട്. മികച്ച നടന്‍, നടി എന്നീ പുരസ്‍കാരങ്ങൾ ലഭിക്കാൻ സാദ്ധ്യത കൽപ്പിക്കുന്നത് സൂര്യയും അപര്‍ണ ബാലമുരളിയുമാണ്. അജയ് ദേവ്ഗണും മികച്ച നടന്മാരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിൽ മലയാളികൾ നേട്ടം കൊയ്‌തിരുന്നു. പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങിയ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിനായിരുന്നു മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ഗിരീഷ് ഗംഗാധരൻ സ്വന്തമാക്കി.