rema

തിരുവനന്തപുരം: ആര്‍ എം പി നേതാവും വടകര എം എൽ എയുമായ കെ കെ രമയ്ക്ക് പയ്യന്നൂർ സഖാക്കളുടെ വധ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ ഭരണം പോകുമെന്നൊന്നും നോക്കില്ല, തീരുമാനം എടുത്തുകളയും എന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്. പയ്യന്നൂർ സഖാക്കൾ എന്നപേരിൽ എം എൽ എ ഹോസ്റ്റലിന്റെ വിലാസത്തിലാണ് കത്ത് വന്നത്.തെളിവടക്കം രമ ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ട്.

അടുത്തിടെ നിയമസഭയിൽ സി പി എം അംഗവും മുൻ മന്ത്രിയുമായ എം എം മണി രമയെ അധിക്ഷേപിച്ചത് ഏറെ വിവാദമായിരുന്നു. 'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല'- എന്നായിരുന്നു എം എം മണിയുടെ പ്രസംഗം. ഇത് പിൻവലിക്കണമെന്നും മണി മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്കുള്ളിലും പുറത്തും വൻ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും മണി നിലപാടിൽ നിന്ന് പിന്നോട്ട് പോയില്ല. ഒടുവിൽ സ്പീക്കറുടെ റൂളിംഗ് വന്നതോടെയാണ് പ്രസ്താവന പിൻവലിക്കാൻ മണി തയ്യാറായത്. മണിയുടെ പരാമര്‍ശം അനുചിതവും അസ്വീകാര്യവുമാണ്. മണി അനുചിതമായ പ്രയോഗം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സ്പീക്കർ പറഞ്ഞത്. ഇതോടെ കമ്മ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങനെ പറയതായിരുന്നു. ഈ പരാമർശം പിൻവലിക്കുന്നു എന്ന് മണി വ്യക്തമാക്കുകയായിരുന്നു.

സി പി എം കേന്ദ്രകമ്മറ്റി അംഗം എളമരം കരീമും രമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന് കിട്ടിയ പാരിതോഷികമാണ് എം എല്‍ എ സ്ഥാനം. ഇക്കാരണംകൊണ്ട് അഹങ്കരിക്കേണ്ട. വര്‍ഗശത്രുക്കളുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ് എന്നായിരുന്നു എളമരം വടകര ഒഞ്ചിയത്ത് പറഞ്ഞത്.