kerala-police-

ഇടുക്കി: പൊലീസിന്റെ ഔദ്യോഗിക ഡേറ്റാ ബേസിൽ നിന്ന് വിവരങ്ങൾ ചോർത്തി തീവ്രവാദ സംഘടനകൾക്ക് കൈമാറിയെന്ന് ആരോപണം നേരിടുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റം. പൊലീസ് ഉദ്യോഗസ്ഥരായിരുന്ന പി.വി. അലിയാർ, പി.എസ്. റിയാസ് എന്നിവരെ എറണാകുളം ജില്ലയിലേക്കും അബ്ദുൾ സമദിനെ കോട്ടയം ജില്ലയിലേക്കുമാണ് സ്ഥലം മാറ്റിയത്.

ഇന്നലെ ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതിൽ പി.വി. അലിയാറിനെ രണ്ട് മാസം മുമ്പ് മുല്ലപ്പെരിയാർ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മേയ് 15നാണ് ഇവർ മൂന്ന് പേരും മൂന്നാർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ ഔദ്യോഗിക ഡേറ്റാ ബേസിൽ നിന്ന് വിവരങ്ങൾ മതതീവ്രവാദ സംഘടനകൾക്ക് വിവരങ്ങൾ ചോർത്തിയെന്ന് ആരോപണമുയരുന്നത്. ഇവരുടെ ഫോൺ കസ്റ്റഡിയിലെടുക്കുകയും സംഭവം അന്വേഷിച്ച് മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റമെന്നാണ് സൂചന.