
തിരുവനന്തപുരം: കേരളത്തിൽ 140 എം.എൽ.എമാരും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഒരാൾ എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് അപ്രതീക്ഷിതമായി വോട്ട് ചെയ്തു. അങ്ങനെ കേരളത്തിലെ ഒരു എം.എൽ.എയുടെ വോട്ട് മൂല്യമായ 152ഉം മുർമുവിന്റെ ഭൂരിപക്ഷത്തിൽ ചേർന്നു. രഹസ്യ ബാലറ്റായതിനാൽ ആരാണ് മുർമുവിന് വോട്ടു ചെയ്‌തതെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണ്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ക്രോസ് വോട്ടിംഗ്. എൻ.ഡി.എയ്‌ക്ക് ഒരു എം.എൽ.എപോലും ഇല്ലാത്ത കേരളത്തിൽ മുർമുവിന് ഒരു വോട്ടു ലഭിച്ചത് എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളെ അമ്പരിപ്പിച്ചു. പാർട്ടികൾ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതായാണ് അറിവ്.
ജെ.ഡി.എസ് ദേശീയതലത്തിൽ മുർമുവിനെ പിന്തുണച്ചെങ്കിലും കേരള ഘടകം സിൻഹയ്‌ക്കൊപ്പമായിരുന്നു. പാലക്കാട്ട് ചികിത്സയിലായിരുന്ന യു.പി. എം.എൽ.എയുടെ വോട്ട് അബദ്ധത്തിൽ കേരളത്തിന്റെ അക്കൗണ്ടിൽ ചേർന്നെന്ന് സംശയമുയർന്നെങ്കിലും രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തുവിട്ട രേഖയിൽ കേരളത്തിലെ 140 എം.എൽ.എമാരിൽ ഒരാൾ മുർമുവിനെ പിന്തുണച്ചു എന്നാണ് വ്യക്തമാകുന്നത്. രാജ്യത്താകെ 17 എം.പിമാരും 125 എം.എൽ.എമാരും ക്രോസ് വോട്ട് ചെയ്‌തു.