
തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷം മുതൽ മുഴുവൻ സ്‌കൂളുകളും മിക്‌സഡ് ആക്കുകയെന്നത് അപ്രായോഗികമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പതിനെട്ട് സ്‌കൂളുകൾ മിക്സഡ് ആക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവിൽ 280 ഗേൾസ് സ്കൂളുകളും 164 ബോയ്‌സ് സ്കൂളുകളുമുണ്ട്. സ്‌കൂളുകൾ മിക്സഡ് ആക്കണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെയും പി ടി എയുടെയും അനുമതി വേണമെന്നും മന്ത്രി വ്യക്തമാക്കി. ബാലാവകാശ കമ്മിഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നുമല്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത അദ്ധ്യയന വർഷം മുതൽ കേരളത്തിലെ എല്ലാ സ്കൂളുകളും മിക്സഡ് ആക്കണമെന്നും ബോയ്സ്- ഗേൾസ് സ്‌കൂളുകൾ നിറുത്തലാക്കണമെന്നുമാണ് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് ഇതിനു മറുപടി നൽകണമെന്നും കമ്മിഷൻ നിർദേശം നൽകിയിരുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സ്‌കൂളുകൾ നിലനിൽക്കുന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണ്. ലിംഗസമത്വവും സാമൂഹ്യവത്കരണവും കുട്ടികൾ പഠിക്കേണ്ടത് സ്കൂൾ തലം മുതലാണെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടിരുന്നു. അഞ്ചൽ സ്വദേശിയായ ഡോ. ഐസക് പോൾ സമർപ്പിച്ച പൊതു താത്പര്യ ഹർജിയിലാണ് ഉത്തരവ്.