lankha

കൊളംബോ: മുതിർന്ന നേതാവ് ദിനേഷ് ഗുണവർധന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു. രാജപക്‌സെയുടെ കടുത്ത അനുയായി എന്നറിയപ്പെടുന്ന ഇദ്ദേഹം പ്രസിഡന്റ് റെനിൽ വിക്രമസിംഗെയുടെ മുമ്പാകെയാണ് ചുമതലയേറ്റത്. നേരത്തേ മന്ത്രിയായിരുന്ന ഇദ്ദേഹം വിദേശകാര്യ, വിദ്യാഭ്യാസ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. അതേസമയം,ദിനേഷിനെ അംഗീകരിക്കാൻ പ്രക്ഷോഭകർ തയ്യാറായിട്ടില്ല. റെനിലിനെയും പ്രക്ഷോഭകർ അംഗീകരിച്ചിട്ടില്ല.രാജപക്സമാരുടെ നോമിനിയായ റെനിൽ ജനങ്ങളുടെ ആഗ്രഹത്തിനെതിരായാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കിയ പ്രക്ഷോഭകർ പാർലമെന്റിന് മുന്നിൽ തടിച്ചുകൂടി റെനിലിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

അതിനിടെ, പുതിയ പ്രസിഡന്റ് അധികാരമേറ്റതോടെ പ്രക്ഷോഭം അടിച്ചമർത്താനുളള നടപടികൾ തുടങ്ങിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലുള്ള സമരപ്പന്തലുകളിൽ നിന്ന് പ്രക്ഷാേഭകരെ ഒഴിപ്പിക്കുകയും പന്തലുകൾ തകർക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. നിരവധിപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസ് ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടിയെടുക്കുമെന്നും അധികാരമേറ്റ വേളയിൽ റെനിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ന് പുലർച്ചെയോടെയാണ് പ്രതിഷേധക്കാർക്കെതിരെയുള്ള സൈനിക നടപടി തുടങ്ങിയത്. ഇതിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ ലാത്തിച്ചാർജ് നടന്നു. നിരവധി പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. പ്രസിഡൻറ് ഓഫീസിനകത്ത് ഉണ്ടായിരുന്ന പ്രക്ഷോഭകരെ പൂർണമായും ഒഴിപ്പിച്ചു. പല സർക്കാർ മന്ദിരങ്ങളുടെയും നിയന്ത്രണം ഇതിനോടകം പ്രക്ഷോഭകരിൽ നിന്നും സൈന്യം ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ ഇതൊന്നും കണ്ട് തങ്ങൾ പിന്തിരിയില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.