
ന്യൂഡൽഹി: ദോക്‌ലാമിന് സമീപം അതിർത്തിയിൽ ചൈന പുതിയ ഗ്രാമം സൃഷ്ടിച്ചതായി റിപ്പോർട്ട്. ദോക്‌ലാം പീഠഭൂമിയിൽ നിന്നും ഒമ്പത് കിലോമീറ്റർ മാത്രം അകലെയാണ് ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. നിലവിൽ പ്രദേശത്തെ മൂന്നാമത്തെ ഗ്രാമമാണിത്. പണികൾ പുരോഗമിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമേഖലയായ അമോചു നദിയോട് ചേർന്നുള്ള പുതിയ ഗ്രാമത്തിന്റെ നിർമ്മാണം സുരക്ഷാപ്രശ്‌നങ്ങൾ ഉയർത്തും. നദിക്ക് കുറുകേ പാലവും പണിതിട്ടുണ്ട്.
അതേസമയം, ചൈനയുടെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്‌ചി അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

മാക്സർ പുറത്തുവിട്ട ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ എൻ ഡി ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് മുന്നിൽ കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതും കാണാം. ഇതിൽ നിന്നും ഗ്രാമങ്ങളിൽ ആൾ താമസമുണ്ടെന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2017ൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്‌നം രൂക്ഷമായതിന് പിന്നാലെയാണ് അതിർത്തിയോട് ചേർന്ന് ചൈന നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടിയത്. പുതിയ പാലത്തിലൂടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിയുമായി ചൈനയ്‌ക്ക് എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കും. ഇതും ഇന്ത്യയുടെ ആശങ്ക വർദ്ധിപ്പിക്കുന്ന കാര്യമാണ്.