
ലണ്ടൻ : കൊടും ചൂടിൽ യൂറോപ്യൻ രാജ്യങ്ങൾ ഉരുകവേ ഇതുവരെ അഭിമുഖീകരിക്കാതിരുന്ന പലപ്രശ്നങ്ങൾക്കും രാജ്യങ്ങൾ സാക്ഷ്യം വഹിക്കുകയാണ്. ഉയർന്ന താപനിലയിൽ റെവിൽവേ സിഗ്നൽ ബോർഡുകൾ ഉരുകിയ ചിത്രങ്ങൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ റോഡിലെ ടാർ ഉരുകിമാറിയ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
യു കെയിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്‌പോർട്ടിലെ ബ്രോഡ്‌സ്റ്റോൺ റോഡിലെ ചിത്രങ്ങളിൽ ടാർ ഉരുകിയൊലിച്ചിരിക്കുന്നത് ചിത്രങ്ങളിൽ കാണാം. റോഡിൽ ചെറുകുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഉരുകിയ ടാറിന് മുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നവർ തങ്ങൾ കുളങ്ങളിലൂടെ വാഹനം ഓടിക്കുന്നത് പോലെ തോന്നിയെന്നാണ് പ്രതികരിച്ചത്. ടയറുകളിലും കാൽനടക്കാരുടെ ചെരുപ്പുകളിലും ടാർ പറ്റിപ്പിടിക്കുന്നതും ഇവിടെ പതിവായിട്ടുണ്ട്. 34.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഗ്രേറ്റർ മാഞ്ചസ്റ്ററിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ജൂലായിൽ രേഖപ്പെടുത്തിയ 33.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇത് വരെ ഇവിടെ രേഖപ്പെടുത്തിയ ഉയർന്ന താപനില. എന്നാൽ പകൽ സമയത്ത് ചൂട് ആഗിരണം ചെയ്യുന്നതിനാൽ റോഡിന്റെ ഉപരിതലത്തിൽ താപം 50 ഡിഗ്രി സെൽഷ്യസിനടുത്ത് ഉയരുന്നതാണ് ടാർ ഉരുകാൻ കാരണമാവുന്നത്.