parechovirus

കൊവിഡ് മഹാമാരിയും അതിന് പിന്നാലെ മങ്കിപോക്‌സും ലോകത്തെയാകെ വിറകൊള്ളിക്കുന്നതിനിടെ ഭീതി പരത്തി മറ്റൊരു വൈറസ് കൂടി കരുത്താർജിക്കുന്നതായി സൂചന. അമേരിക്കയിൽ കുട്ടികളിലും നവജാതശിശുക്കളിലും പാരക്കോവൈറസ് എന്ന രോഗം പകരുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അമേരിക്കയിലെ കണക്‌ടിക്കട്ടിൽ ഒരു പാരക്കോവൈറസ് മരണവും റിപ്പോർട്ട് ചെയ്തു. ഒരു മാസം പ്രായമുള്ള കുഞ്ഞാണ് പുതിയ വൈറസ് ബാധയേറ്റ് മരിച്ചത്. പിന്നാലെ അമേരിക്കയുടെ ദേശീയ പൊതുജനാരോഗ്യ ഏജൻസിയായ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ജാഗ്രതാ (സിഡിസി) നി‌ദേശം നൽകി.

വൈറസ് ബാധമൂലമുണ്ടാകുന്ന പ്രധാന രോഗങ്ങൾ

മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളിലാണ് പാരക്കോവൈറസ് രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മേയ് മാസം മുതലായിരുന്നു രോഗം ശ്രദ്ധയിൽപ്പെട്ട് തുടങ്ങിയത്. ശ്വാസകോശത്തെയും ഗ്യാസ്‌‌ട്രോ ഇന്റെസ്‌റ്റൈനൽ നാളിയെയും ബാധിക്കുന്ന രോഗങ്ങളാണ് ഈ വൈറസ് മൂലം പ്രധാനമായും ഉണ്ടാകുന്നത്. സെപ്‌സിസ്, ചുഴലി, മെനിഞ്ചൈറ്റിസ് തുടങ്ങിയ അണുബാധകളിലേയ്ക്ക് പാരക്കോവൈറസ് നയിക്കാമെന്ന് സിഡിസി മുന്നറിയിപ്പ് നൽകുന്നു.

ലക്ഷണങ്ങൾ

വൈറസ് ബാധയേറ്റ് മൂന്ന് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി തുടങ്ങുന്നു. പനി, ശരീരത്തിൽ തിണർപ്പ്, ശ്വാസകോശ അണുബാധ, അസ്വസ്ഥത, ആഹാരം ഉപേക്ഷിക്കൽ, ക്ഷീണം, അമിതവേഗതത്തിലെ ശ്വാസോച്ഛാസം, ഉറക്കം തൂങ്ങൽ, ചുഴലി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

രോഗം പകരുന്നത്

വായിലൂടെയും മൂക്കിലൂടെയുമാണ് വൈറസ് ശരീരത്തിനുള്ളിൽ എത്തുന്നത്. വൈറസ് ബാധയേറ്റ് കഴിഞ്ഞാൽ ഒന്ന് മുതൽ മൂന്നാഴ്ചവരെ ശ്വാസകോശത്തിലും ആറ് മാസം വരെ ഗ്യാസ്‌‌ട്രോ ഇന്റെസ്‌റ്റൈനൽ നാളിയിലും ഇതിന്റെ പ്രഭാവം ഉണ്ടാകാമെന്ന് വിദഗ്ദ്ധർ പറയുന്നു.

പ്രതിരോധം

വൃത്തിയുള്ള ഭക്ഷണവും വെള്ളവും കുഞ്ഞുങ്ങൾക്ക് നൽകുക. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ ചികിത്സ തേടുക.