
ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കകം യു പിയിലെ ബുന്ദേൽഖണ്ഡ് എക്സ്പ്രസ്‌വേയിൽ അറ്റകുറ്റ പണി നടത്തുന്ന വീഡിയോ വൈറലായി. 296 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ ആയുസ് ദിവസങ്ങൾ മാത്രം എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. ബി.ജെ.പി എം.പി വരുൺ ഗാന്ധിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും വീഡിയോ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. മഴയിലാണ് റോഡ് തകർന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അഞ്ച് ദിവസത്തെ മഴ പോലും 15,000 കോടി രൂപ ചെലവിൽ നിർമ്മിച്ച എക്സ്പ്രസ് വേയ്ക്ക് താങ്ങാനാവുന്നില്ലേ എന്നാണ് വരുൺ ഗാന്ധി ട്വീറ്റിൽ ചോദിച്ചത്. റോഡിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നുവെന്നും അദ്ദേഹം കുറിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട എഞ്ചിനീയർമാർ, ഉത്തരവാദിത്തപ്പെട്ട കമ്പനികൾ എന്നിവരെ വിളിച്ചുവരുത്തി അവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
15 हजार करोड़ की लागत से बना एक्सप्रेसवे अगर बरसात के 5 दिन भी ना झेल सके तो उसकी गुणवत्ता पर गंभीर प्रश्न खड़े होते हैं।
— Varun Gandhi (@varungandhi80) July 21, 2022
इस प्रोजेक्ट के मुखिया, सम्बंधित इंजीनियर और जिम्मेदार कंपनियों को तत्काल तलब कर उनपर कड़ी कार्यवाही सुनिश्चित करनी होगी।#BundelkhandExpressway pic.twitter.com/krD6G07XPo
എക്സ്പ്രസ് വേയുടെ വിവിധ ഇടങ്ങളിൽ മഴയിൽ തകരാർ സംഭവിച്ചു. വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. കുഴികളിൽ വീണ് കാറുകളും ഇരുചക്ര വാഹനങ്ങളും അപകടത്തിൽ പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിരിയ, അജിത്ത്മൽ എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും റോഡ് തകർന്നത്. അറ്റകുറ്റപ്പണികളും അതിവേഗത്തിൽ നടക്കുകയാണ്.