ഇഷ്ടമുള്ളതെല്ലാം ചെയ്ത് അധ്വാനിച്ചും ആസ്വദിച്ചും ജീവിതം നയിക്കുന്ന ഒരു അമ്മയും മകളും . സിനിമാക്കഥയെ വെല്ലുന്നതാണ് ഇവരുടെ യാത്ര

ഒലി അമൻ ജോധയും അമ്മ അമിയ താജ് ഇബ്രാഹിമും
ഇത് ഒലി അമൻ ജോധ.വയസ് പതിനാറ്.ഇവൾ തേനീച്ചകളുടെ ശാന്തിക്ക് വേണ്ടി പോരാടുന്ന രാജ്ഞിയെന്ന് അറിയപ്പെടുന്നു.ഒലി കടുത്ത പ്രകൃതി സ്നേഹിയാണ്. പ്രകൃതിയിലെ ജീവജാലങ്ങൾ ഇവളുടെ കളിക്കൂട്ടുകാരികളാണ് .തേനീച്ചകളെപ്പോലെ ഒലി കുതിരകളെയും സ്നേഹിക്കുന്നു.രണ്ട് കുതിരകളെ സ്വന്തമാക്കി.അതിനെ പരിപാലിച്ചു.കുതിരക്ക് ലാടമടിക്കാനും പഠിച്ചു. തേനീച്ചകളെ പരിപാലിക്കുന്നതിന് അംഗീകാരങ്ങളും ലഭിച്ചു.ഒലിക്ക് എന്താണ് വിദ്യാഭ്യാസം? ഒന്നാം ക്ളാസിൽ ചേർന്നപ്പാൾ പഠിക്കാൻ വയ്യെന്ന് അവൾ ദാദു(അമ്മ) വിനോട് പറഞ്ഞു.അമ്മക്ക് ഒലിയുടെ സ്വഭാവം അറിയാം.നിർബന്ധിച്ചില്ല.ഒാപ്പൺ സ്കൂൾ വഴിയായി പഠനം.ചുരുക്കി പറഞ്ഞാൽ ഒന്നിലും എട്ടിലും മാത്രമേ ഒലി ക്ളാസിൽ ഇരുന്നുളളു.പഠിക്കാനുളളത് പ്രകൃതിയിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ധാരാളമായി ലഭിക്കുന്നുണ്ട്.ഒന്നിലധികം ഭാഷകൾ കൈകാര്യം ചെയ്യും.ഇൗ പതിനാറ് വയസിനിടെ അമ്മയോടൊപ്പം ഇന്ത്യയിൽ സഞ്ചരിക്കാത്ത സംസ്ഥാനങ്ങൾ വിരളം.സഞ്ചരിക്കുക മാത്രമല്ല അവിടെ വസിച്ച് ജീവിതം എന്തെന്ന് പഠിക്കും. ജീവിക്കാനായി എല്ലാ ജോലിയും ചെയ്യും. ഒലിക്ക് അറിയാത്ത ജോലികളില്ല. കാശ്മീരിൽ ചെന്നപ്പോൾ ആപ്പിൾ തോട്ടങ്ങളിൽ പണിയെടുത്തിട്ടുണ്ട്. എന്ത് ചെയ്താലും മാനം മാത്രം വിൽക്കരുതെന്ന് ദാദു പഠിപ്പിച്ചിട്ടുണ്ട്. സ്വന്തമായി വീടില്ല.ചെല്ലുന്നിടമാണ് വിഷ്ണു ലോകം.ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല. തേനീച്ച കൃഷിക്ക് പുറമേ, ദിവസവും തൊഴിൽ ചെയ്തുകിട്ടുന്ന വരുമാനവുമാണ് ഒലിയുടെയും അമ്മയുടെയും ജീവിതമാർഗം.

വഴികാട്ടി, ധീരയായ അമ്മ
അമിയ താജ് ഇബ്രാഹിമാണ് ഒലിയുടെ ദാദു. മാനന്തവാടിക്കടുത്ത് കമ്മനയിലാണ് അമിയയുടെ തറവാട്.അമിയക്ക് പതിനാറ് വയസുളളപ്പോൾ കെട്ടിച്ച് വിട്ടു.ആ ബന്ധത്തിൽ ഒലി ജനിച്ചു. ഒലിക്ക് ഒരു വയസായപ്പോൾ ഞെട്ടിക്കുന്ന ഒരു സത്യം അമിയ അറിഞ്ഞു. തന്റെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന്.പൊറുക്കാൻ പറ്റുന്നതായിരുന്നില്ല ഇൗ തെറ്റ്.ഒലിയെയും കൊണ്ട് അന്നിറങ്ങിയതാണ് അമിയ.ജീവിക്കാൻ വേണ്ടിയുളള നീണ്ട യാത്ര.അത് കഠിനമായിരുന്നു,കയ്പേറിയതായിരുന്നു.ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക്...ഇതിനിടെ,പട്ടിണി കിടന്നിട്ടുണ്ട്.അമ്മയുടെ ചൂട് നുകർന്ന് കടന്ന് പോയ ദിനരാത്രങ്ങൾ....ജീവിത യാത്രയിൽ ഒലി സത്യങ്ങൾ തിരിച്ചറിയുന്നുണ്ടായിരുന്നു.അമ്മ പഠിപ്പിച്ചത് പാഠപുസ്തകങ്ങളിലെ കേവലം അക്ഷരങ്ങളായിരുന്നില്ല.ജീവിതത്തിന്റെ കടമ്പകളായിരുന്നു.കൂട് വിട്ട് കൂട് മാറുന്ന ദേശാടന പക്ഷികളെപ്പോലെ ഒലിയെയുംകൊണ്ട് അമിയ രാജ്യത്തുടനീളം സഞ്ചരിച്ചു.ഒലിക്ക് മൂന്ന് വയസുളളപ്പോൾ അവളൊരു ആഗ്രഹം പ്രകടിപ്പിച്ചു. ഒരു കുതിരയെ വേണം!.ജീവിക്കാനായി പറക്കമുറ്റാത്ത ഒരു പെൺകുഞ്ഞിനെയും കൊണ്ട് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന അമിയക്ക് ആ ചോദ്യത്തെ അങ്ങനെയങ്ങ് തളളിക്കളയാൻ തോന്നിയില്ല. കുടുംബ സുഹൃത്ത് രാഘവൻ പയ്യപ്പിളളിയുമായി ചേർന്ന് ഒരു കുതിരയെ വാങ്ങിച്ച് കൊടുത്തു.ഇതിന് അമൻ ചാന്ദ് എന്ന് പേരിട്ടു. ഉൗട്ടി കല്ലാറിലുളള ഫോറസ്റ്റ് ഗാർഡും കുടുംബ സുഹൃുത്തും ചേർന്ന് ഒലിയെ കുതിരസവാരി പഠിപ്പിച്ചു.നാലാം വയസിലാണ് കുതിര സവാരി തുടങ്ങിയത്.ഇതിനിടെ പൃഥിവേദ് എന്ന മറ്റൊരു കുതിരയെയും ഒലി സ്വന്തമാക്കി.ഏറ്റവും നന്നായികുതിര സവാരി ചെയ്യും.ഒരു കുതിരയെ തീറ്റിപ്പോറ്റാൻ ദിവസം ചുരുങ്ങിയത് അഞ്ഞൂറ് രൂപയെങ്കിലും വേണ്ടി വന്നു.ജീവിക്കാൻ വേണ്ടി പെടാ പാട് പെടുമ്പാൾ കുതിര ഇവർക്ക് മുന്നിൽ ഒരു തടസമായി.ഒടുവിൽ കുതിരകളെ വിറ്റു.ഒമ്പതാം വയസിൽ നേപ്പാളിലെ കൊഹൽപൂരിൽ താജ്ഖാൻ എന്നയാളുടെ ശിക്ഷണത്തിലാണ് കുതിരകൾക്ക് ലാടം അടിക്കാൻ പഠിക്കുന്നത്.ലാഡം അടിച്ചാൽ രണ്ടായിരം രൂപവരെ കൂലി ലഭിക്കും. കുതിരകളുടെ കാലിൽ നിന്ന് ഒരിറ്റ് രക്തം പോലും ചീന്താതെ അതിവിദഗ്ദ്ധമായി ലാടം അടിക്കാൻ ഒലി അഭ്യസിച്ച് കഴിഞ്ഞു.കുറെ കുതിരകളെ വാങ്ങി ഒരു ഫാം തുടങ്ങണമെന്നാണ് ഒലിയുടെ മോഹം.ഒട്ടകത്തെ മെരുക്കാനും ഒലി പഠിച്ച്കഴിഞ്ഞു.സ്വന്തമായി തേനീച്ച കൃഷിയുണ്ടായിരുന്നു.ഉപ്പൂപ്പ കുറ്റിയാടി മുഹമ്മദ് മുസ്ലിയാർ നല്ലൊരു പ്രകൃതി സ്നേഹിയായിരുന്നു.വീട്ടിൽ ആയുർവേദ മരുന്നുണ്ടാക്കാൻ തേൻ ആവശ്യമായിരുന്നു.അങ്ങനെയാണ് തേനീച്ചകളെ വളർത്താൻ തുടങ്ങിയത്.രണ്ടര വയസുളളപ്പോൾ തന്നെ ഒലി തേനീച്ചകളെ സ്നേഹിക്കാൻ തുടങ്ങി. പ്രകൃതിയിൽ ഒരു പച്ചപ്പ് ഉണ്ടാകണമെങ്കിൽ പോലും തേനീച്ചകൾ അത്യാവശ്യമാണെന്ന് ഒലി പറയുന്നു. പതിനൊന്നാമത്തെ വയസിൽ കൽപ്പറ്റയിലെ എം.എസ്.സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷനിൽ നിന്ന് തേനീച്ചകളെക്കുറിച്ച് കൂടുതൽവിവരങ്ങൾ തേടി. ഇപ്പോൾ ഹൈദരാബാദിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡവലപ്പ്മെന്റ് ആന്റ് പഞ്ചായത്തീരാജിൽ എപ്പികൾച്ചറിൽ റിസോഴ്സ് പേഴ്സണായി ജോലി ചെയ്യുന്നുണ്ട്. രാത്രിയിൽ സമീപത്തെ കടകളിൽ ചോളം ചുടാനും,കടകളിലെ മറ്റ് ജോലികൾക്കുമായി അമ്മയോടൊപ്പം പോകും.സമ്പാദ്യം ഉണ്ടെങ്കിൽ അത് ആദിവാസി ക്ഷേമത്തിനായി ചെലവഴിക്കണമെന്നാണ് ഒലിയുടെ ആഗ്രഹം.ജാതിയോ മതമോ നോക്കാതെ കനിവുളള മനുഷ്യനായി ഒലിയെ വളർത്തണം എന്ന ചിന്തയാണ് അമ്മ അമിയക്കുളളത്.
(ലേഖകന്റെ ഫോൺ:9946103965)