
സൂര്യപ്രകാശവും വിശപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഒരുബന്ധവുമില്ലെന്ന് പറയാൻ വരട്ടെ, ബന്ധം ഉണ്ടെന്നാണ് ഇസ്രയേലിലെ ടെൽ അവീവ് സർവകലാശാലയിലെ വിദ്യാർത്ഥികൾ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. സൂര്യപ്രകാശം പുരുഷന്മാരിൽ വിശപ്പുണ്ടാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സ്‌ത്രീകൾക്ക് ഇത് ബാധകമല്ലെന്നും പഠനത്തിൽ കണ്ടെത്തി. മൂവായിരം പേരിലാണ് പഠനം നടത്തിയത്. സൂര്യപ്രകാശം കൂടുതലായി ഏറ്റ പുരുഷന്മാർ സാധാരണ ദിവസത്തേക്കാൾ മുന്നൂറ് കലോറി കൂടുതൽ ഭക്ഷണം കഴിച്ചെന്നും, എന്നാൽ സമാനരീതിയിൽ സൂര്യപ്രകാശമേറ്റ സ്ത്രീകളിൽ ഭക്ഷണകാര്യത്തിൽ പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ലെന്നുമാണ് പഠനത്തിൽ പറയുന്നത്.
പഠനത്തിന്റെ ഭാഗമായി പുരുഷന്മാരോടും സ്ത്രീകളോടും വെയിലത്ത് പോകാൻ ഗവേഷകർ ആവശ്യപ്പെടുകയായിരുന്നു. സ്ലീവ്‌ലെസ് ഷർട്ടും ഷോർട്ട്സുമായിരുന്നു പുരുഷന്മാരും സ്ത്രീകളുമെല്ലാം ധരിച്ചിരുന്നത്. കുറച്ച് സമയം വെയിൽ കൊണ്ടതിന് ശേഷം നടത്തിയ പരിശോധനയിൽ പുരുഷന്മാരിൽ വിശപ്പിന് കാരണമായി ഗ്രെലിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നതിന് സൂര്യപ്രകാശം കാരണമാകുന്നുണ്ടെന്ന് കണ്ടെത്തി.