halwa

പലവർണങ്ങളിൽ കാണുന്ന നല്ല മൃദുവായ സ്വാദിഷ്ഠമായ ഹൽവ ആർക്കാണ് പ്രിയമല്ലാത്തത്. പല രുചികളിൽ നിറങ്ങളിൽ ലഭിക്കുന്ന ഹൽവയ്ക്ക് കേരളത്തിലെ ഒരു ജില്ലയുമായി അഭേദ്യമായ ബന്ധമുണ്ട്. എന്നാൽ സ്വാദേറിയ ഹൽവ കഴിക്കാൻ അങ്ങു കോഴിക്കോട് വരെ പോകേണ്ടതില്ല. നമ്മുടെ വീട്ടിൽതന്നെ ഹൽവ തയ്യാറാക്കാം. വളരെ കുറച്ച് ചേരുവകൾ ചേർത്ത് നാവിൽ വെള്ളമൂറും കറുത്ത ഹൽവ ഉണ്ടാക്കിയാലോ?

കറുത്ത ഹൽവ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

മൈദ- അര കിലോ

വെള്ളം- പാകത്തിന്

ശർക്കര- രണ്ട് കിലോ

തേങ്ങ- മൂന്ന്

നെയ്യ്- 350 ഗ്രാം

കശുവണ്ടി- 200 ഗ്രാം നുറുക്കിയത്

ഏലയ്ക്കാപ്പൊടി- ഒരു വലിയ സ്പൂൺ

തയ്യാറാക്കുന്ന വിധം

മൈദ ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ച് ഒരു മണിക്കൂർ മാറ്റിവയ്ക്കുക. മൂന്ന് ലിറ്റർ വെള്ളം കുഴച്ച മാവിൽ അൽപ്പാൽപ്പമായി ഒഴിച്ച് ഞെരടണം. ഇത് പാലിന്റെ രൂപത്തിലാക്കി മാറ്റിവയ്ക്കണം. വീണ്ടും വെള്ളമൊഴിച്ച് കലക്കി പാൽ മാത്രം എടുക്കുക. ഇത്തരത്തിൽ രണ്ടുമൂന്ന് തവണ ചെയ്ത് ബാക്കിയാവുന്ന മാവിന്റെ അംശം മാറ്റിവയ്ക്കണം. ഊറ്റിയെടുത്ത പാൽ ഒരു മണിക്കൂർ വച്ച് തെളി മാറ്റി ബാക്കിയാവുന്ന മട്ട് മാത്രമെടുക്കുക.

ശർക്കര ഒന്നരലിറ്റർ വെള്ളത്തിൽ ഉരുക്കി അരിച്ചു വയ്ക്കണം. ഒന്നരലിറ്റർ‌ തേങ്ങാപ്പാലും തയ്യാറാക്കി വയ്ക്കണം.

മൈദയുടെ മട്ടിൽ ശ‌ർക്കരപാനിയും തേങ്ങാപ്പാലും ചേർത്ത് യോജിപ്പിച്ച് ചുവടുകട്ടിയുള്ള ഉരുളിയിൽ ഒഴിക്കണം. ഇത് തുടരെ ഇളക്കി കുറുക്കിയെടുക്കുക. അടിയിൽപ്പിടിക്കാതിരിക്കാൻ കുറേശ്ശെ നെയ്യൊഴിച്ച് കൊടുക്കണം. ഹൽവയുടെ പരുവമാകുമ്പോൾ കശുവണ്ടി നുറുക്കിയത് ചേർത്തിളക്കണം. അൽപ്പം കൂടി കുറുകി വരുമ്പോൾ ഏലയ്ക്കാപ്പൊടി ചേ‌ർക്കാം. നെയ്യ് പുരട്ടിയ പാത്രത്തിലേയ്ക്ക് മാറ്റി ചൂടാറുമ്പോൾ മുറിച്ച് കഴിക്കാം.

ഹൽവയ്ക്ക് കൂടുതൽ കറുപ്പ് നിറം ലഭിക്കണമെങ്കിൽ 50 ഗ്രാം പഞ്ചസാര കാരമലാക്കിയത് മൈദയുടെ മിശ്രത്തിൽ ചേർത്താൽ മതിയാവും