child

അഞ്ചാമതും ഭാര്യ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയപ്പോൾ സന്തോഷിക്കേണ്ടതിന് പകരം ബന്ധം ഉപേക്ഷിച്ച് യുവാവ്. ഉഗാണ്ടയിൽ നിന്നുള്ള നലോംഗോ ഗ്ലോറിയ ദമ്പതികളുടെ വൈവാഹിക ജീവിതമാണ് അഞ്ചാം പ്രസവത്തോടെ അവസാനിച്ചത്. ഗ്‌ളോറിയയുടെ അഞ്ച് പ്രസവത്തിലും ഇരട്ടക്കുട്ടികളാണ് ജനിച്ചത്. അഞ്ചാമതും ഇരട്ടക്കുട്ടികൾ ജനിച്ചതോടെ അസ്വാഭാവികം എന്ന് വിശേഷിപ്പിച്ചാണ് ഭർത്താവ് ബന്ധം തുടരാൻ വിസമ്മതിച്ചത്. ഇതോടെ പത്ത് കുട്ടികളുടെയും സംരക്ഷണ ചുമതല യുവതിയുടെ ചുമലിലായി.

അഞ്ചാമതും ഇരട്ടക്കുട്ടികളെ പ്രസവിച്ചതോടെ ഇത് വളരെ കൂടുതലാണെന്നു പറഞ്ഞ് ഭാര്യയോട് വീട്ടിൽ നിന്നും പുറത്ത് പോകാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പത്ത് കുട്ടികൾക്ക് ജന്മം നൽകിയതിൽ താൻ ഖേദിക്കുന്നില്ലെന്നും, ഭർത്താവിനെ പോലെ അവരെ ഇറക്കിവിടാൻ താനില്ലെന്നും ഗ്‌ളോറിയ പ്രതികരിക്കുന്നു. കുട്ടികളുമായി ഒരു പുതിയ താമസസ്ഥലം തേടുന്ന തിരക്കിലാണ് ഇപ്പോൾ യുവതി.