
തിരുവനന്തപുരം: എസ് പി സസ്‌പെൻഡുചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ എ ഐ ജി അന്നുതന്നെ സർവീസിൽ തിരിച്ചെടുത്തു. തന്റെ വീട്ടിൽ അതിക്രമിച്ചുകയറി എന്ന് ആരോപിച്ച് ഗൺമാൻ ആകാശിനെയാണ് എസ് പി നവനീത് ശർമ സസ്പെൻഡുചെയ്തത്. എന്നാൽ എസ് പിയുടെ നടപടി തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് പൊലീസ് ആസ്ഥാനത്തെ എഐജി അനൂപ് കുരുവിള ജോൺ പൊലീസുകാരനെ അന്നുതന്നെ സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു. എസ് പിയുടെ വളർത്തുനായ്ക്കളെ കുളിപ്പിക്കാനും വിസർജ്യങ്ങൾ മാറ്റാനും ആവശ്യപ്പെട്ടത് നിരസിച്ചതാണ് സസ്പെഷന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
പൊലീസ് ക്വാർട്ടേഴ്സിലാണ് എസ് പി താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ അന്യസംസ്ഥാനക്കാരനായ ജോലിക്കാരൻ ആകാശിനെ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കുകയും നായയെ കുളിപ്പിക്കാനും വിസർജ്യം കോരാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ അത് തന്റെ ജോലിയല്ല എന്നുപറഞ്ഞശേഷം ആകാശ് ഗൺമാന്‍മാരുടെ റെസ്റ്റ് റൂമിലേക്ക് പോയി. വിവരമറിഞ്ഞ എസ് പി ടെലിക്കമ്മ്യൂണിക്കേഷൻ ആസ്ഥാനത്തെ ഒരു എസ് ഐയോട് ആകാശിനെതിരെ ഉടൻ സ്പെഷ്യൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. വീട്ടിൽ അതിക്രമിച്ചുകയറി ഉപകരണങ്ങളും മറ്റും നശിപ്പിച്ചു എന്ന് ഇതിൽ പരാമർശിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു എന്നാണ് പൊലീസുകാർ ആരോപിക്കുന്നത്. ഇതറിഞ്ഞ അസോസിയേഷൻ നേതാക്കൾ ഡി ജി പിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നു. ഇതിനെത്തുടർന്നാണ് നടപടി റദ്ദാക്കി മാതൃയൂണിറ്റിലേക്ക് തിരിച്ചെടുക്കാൻ ഡി ജി പി നിർദ്ദേശം നൽകിയത്.