ford

ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച് അമേരിക്കൻ അന്താരാഷ്ട്ര വാഹന നിർമാതാക്കളായ ഫോർഡ്. ചെന്നൈയിലെ മരൈമലൈ നിർമാണശാലയിൽ നിന്ന് വാഹനപ്രേമികളുടെ പ്രിയപ്പെട്ട ഫോർഡ് ഉത്പന്നമായ ഇക്കോസ്പോർട്ടിന്റെ അവസാന യൂണിറ്റ് പുറത്തിറക്കിയാണ് ഫോർട് ഗുഡ്‌ബൈ പറയുന്നത്. ഈ യൂണിറ്റോടെ ആഭ്യന്തര, കയറ്റുമതി വിപണികൾക്കായുള്ള ഫോർഡ് ഇന്ത്യയുടെ കാറുകളുടെ നിർമ്മാണം അവസാനിക്കുകയാണ്. ജനറൽ മോട്ടോഴ്‌സ്, ദേവൂ എന്നിവയ്ക്ക് പിന്നാലെ ഇന്ത്യ വിടുന്ന മൂന്നാമത്തെ കാർ നിർമാതാക്കളാണ് ഫോർഡ്.

1995ലാണ് ഇന്ത്യയിൽ ഫോർഡ് പ്രവർത്തനം ആരംഭിച്ചത്. പിന്നാലെ വാഹനപ്രേമികളുടെ ഇഷ്ടബ്രാൻഡായി ഇത് മാറുകയായിരുന്നു. ഫോർഡ‌് ഐക്കൺ, ഫിയസ്റ്റാ, ഫിഗോ, ഫ്യൂഷൻ തുടങ്ങി നിരവധി ഇനങ്ങൾ ഫോർഡിന്റെ വാഹനനിരയിൽ നിന്ന് വിപണിയിൽ എത്തിയെങ്കിലും ഏറ്റവും ജനപ്രീതി നേടിയത് ഇക്കോ സ്പോർട്ടായിരുന്നു. അതേ വാഹനം പുറത്തിറക്കി തന്നെയാണ് ഫോർഡ് ഇന്ത്യയോട് വിടപറയുന്നതും.

ford

2021 സെപ്തംബറിലാണ് ഇന്ത്യയിലെ വിൽപ്പന നിർത്തുന്നതായി ആദ്യമായി ഫോർഡ് പ്രഖ്യാപിക്കുന്നത്. എന്നാൽ നിർമാണവും കയറ്റുമതിയും തുടരുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഫിഗോയുടെയും ആസ്പെറിന്റെയും വിൽപ്പന കുറഞ്ഞതോടെ ഗുജറാത്തിലെ നിർമാണശാലയാണ് ആദ്യം പൂട്ടിട്ടത്. എന്നാൽ തമിഴ്‌നാട്ടിലെ പ്രവ‌ത്തനം അപ്പോഴും തുടർന്നിരുന്നു.

നിർ‌മാണശാലയുടെ വിനിയോഗവും ഉത്പാദനശേഷിയും കുറഞ്ഞതാണ് പൂർണമായും നിർമാണം അവസാനിപ്പിക്കുന്നതിനുള്ള മറ്റൊരു കാരണം. പ്രതിവ‌ർഷം നാല് ലക്ഷം കാറുകൾ നിർമിച്ചിരുന്ന പ്ളാന്റുകളിലെ നിർമാണം 80,000 യൂണിറ്റുകൾ മാത്രമായി ചുരുങ്ങി. കൂടാതെ 2019ൽ പ്രഖ്യാപിച്ച മഹീന്ദ്രയുമായുള്ള പങ്കാളിത്തം 2020ൽ പരാജയപ്പെട്ടതും ഫോർഡിന് തിരിച്ചടിയായി.

ഇന്ത്യയോട് വിടപറഞ്ഞെങ്കിലും വെളുത്ത ഇക്കോസ്‌പോർട്ട് ആയിരിക്കില്ല ഇന്ത്യ കണ്ട അവസാന ഫോർഡ്. ഇറക്കുമതി ചെയ്ത സിബിയു മോഡലുകൾ ഭാവിയിൽ ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് ബ്രാൻഡ് അറിയിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.