margaret-alva

ന്യൂഡൽഹി : പ്രസിഡന്റ് കസേരയിൽ ആരാവും എന്ന ചോദ്യത്തിന് ദ്രൗപതി മുർമു എന്ന ഉത്തരം ലഭിച്ചതോടെ അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥിയെ നിർത്തി പ്രതിപക്ഷ ഐക്യം പൊളിച്ച ബി ജെ പിക്ക് പക്ഷേ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിൽ അത്രയ്ക്ക് ബുദ്ധിമുട്ടേണ്ടി വരില്ല. പാർലമെന്റിലെ സുരക്ഷിതമായ ലീഡ് അവർക്ക് അനുകൂലമാണ്, അതിനൊപ്പം പ്രതിപക്ഷ നിരയിൽ വലിയ വിള്ളലും രൂപപ്പെട്ടു കഴിഞ്ഞു.

ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചിരുന്നു. പ്രതിപക്ഷ കക്ഷികളുടെ പൊതു സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയ്ക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസിന്റെ തീരുമാനത്തിൽ അവർ പരസ്യമായി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാനുള്ള ടിഎംസിയുടെ തീരുമാനം നിരാശാജനകമാണെന്ന് മാർഗരേറ്റ് ആൽവ ട്വിറ്ററിൽ കുറിച്ചു. ഇത് ഈഗോ പ്രകടിപ്പിക്കാനുള്ള സമയമല്ലെന്നും ധൈര്യത്തിന്റെയും നേതൃത്വത്തിന്റെയും ഐക്യത്തിന്റെയും സമയമാണിതെന്നും അവർ കുറിച്ചു. ധീരതയുടെ പ്രതിരൂപമായ മമത ബാനർജി പ്രതിപക്ഷത്തോടൊപ്പം നിൽക്കുമെന്ന് താൻ വിശ്വസിക്കുന്നെന്നും മാർഗരേറ്റ് ആൽവ പ്രതീക്ഷ പങ്കുവച്ചു.

The TMC's decision to abstain from voting in the VP election is disappointing. This isn't the time for 'whataboutery’, ego or anger. This is the time for courage, leadership & unity. I believe, @MamataOfficial , who is the epitome of courage, will stand with the opposition.

— Margaret Alva (@alva_margaret) July 22, 2022


പ്രതിപക്ഷ സ്ഥാനാർഥിയെ തീരുമാനിച്ചതിനോട് യോജിക്കാത്തതിനാലാണ് വിട്ടുനിൽക്കാൻ ടി എം സി തീരുമാനിച്ചത്. ഇത് സംബന്ധിച്ച് മമതാ ബാനർജി ടി എം സി എം പിമാരുമായി ചർച്ച നടത്തി. മമത ബാനർജിയുമായി ആലോചിക്കാതെയാണ് പ്രതിപക്ഷം സംയുക്ത സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നതാണ് ടിഎംസിയെ പ്രകോപിപ്പിച്ചത്.

മുൻ പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയാക്കിയത്. മുൻ രാജസ്ഥാൻ ഗവർണറാണ് പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ.