rent

ലണ്ടൻ: രണ്ടുവർഷത്തോളം ഫ്ലാറ്റിൽ സ്ത്രീ മരിച്ചുകിടന്നിട്ടും ഇതറിയാതെ വാടക പിരിവ് തുടർന്ന് ഹൗസിംഗ് അസോസിയേഷൻ. യു.കെയിലാണ് സംഭവം നടന്നത്. അൻപത്തിയെട്ടുകാരിയായ ഷെയ്‌ല സെലിയോനെയെയാണ് വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വീകരണമുറിയിലെ സോഫയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായതിനാൽ മരണകാരണം പോസ്റ്റ്‌മോർട്ടത്തിലൂടെ കണ്ടെത്താൻ സാധിച്ചില്ല. 2019 ഓഗസ്റ്റിൽ ഒരു ഡോക്ടറെ സന്ദർശിച്ചപ്പോഴാണ് സെലിയോനെ അവസാനമായി ആരെങ്കിലും ജീവനോടെ കണ്ടത്.

വാടകക്കാരി മരിച്ചുവെന്ന് തിരിച്ചറിയാതെ പിരിവ് തുടർന്ന ഹൗസിംഗ് സൊസൈറ്റിയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുടിശിക വരുത്തിയതോടെ സാമൂഹിക ആനുകൂല്യങ്ങളിൽ നിന്ന് വാടക ഈടാക്കാൻ ഹൗസിംഗ് സൊസൈറ്റി അപേക്ഷ നൽകിയിരുന്നു. 2020 ജൂണിൽ ഒരു പരിശോധനയ്ക്കിടെ പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് ഇവരുടെ ഗ്യാസ് വിതരണവും വെട്ടിക്കുറച്ചിരുന്നു.

സെലിയോണിനെക്കുറിച്ച് അയൽക്കാർ ഹൗസിംഗ് അസോസിയേഷനുമായും പൊലീസുമായും ആവർത്തിച്ച് ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ പറയുന്നു. പൊലീസുകാർ ഇവരുടെ സ്ഥലം രണ്ടുതവണ സന്ദർശിച്ചിരുന്നു. എന്നാൽ ഇവർ ജീവനോടെയുണ്ടെന്ന തെറ്റായ റിപ്പോർട്ടാണ് നൽകിയത്.