
ലണ്ടൻ: വാടക ഫ്ളാറ്റിൽ ആരോരുമറിയാതെ വൃദ്ധ മരിച്ചു കിടന്നത് രണ്ട് വർഷം. ബ്രിട്ടണിലെ പെക്കാമിലാണ് സംഭവം. 58കാരിയായ ഷീല സെലിയോനെയാണ് തന്റെ വാടക ഫ്ളാറ്റിലെ സ്വീകരണ മുറിയിലെ സോഫയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് വർഷത്തിലേറെ പഴക്കമുണ്ടായിരുന്നതിനാൽ ദന്ത വിദഗ്‌ദ്ധന്റെ സഹായത്തോടെയാണ് ആളെ തിരിച്ചറിഞ്ഞത്.
അതേസമയം ഷീല മരിച്ചവിവരം അറിയാതെ കഴിഞ്ഞ രണ്ട് വർഷമായി ഫ്ലാറ്റ് ഉടമകളായ പീബോഡി ഹൗസിംഗ് സൊസൈറ്റി ഫ്ളാറ്റിന്റെ വാടക സ്വീകരിച്ചു കൊണ്ടേയിരുന്നതായി പൊലീസ് കണ്ടെത്തി. ഷീല വാടക നൽകാതായതോടെ ഇവർക്ക് ലഭിച്ചുകൊണ്ടിരുന്ന സാമൂഹിക ആനുകൂല്യങ്ങളിൽ നിന്ന് നേരിട്ട് വാടക സ്വീകരിക്കുന്നതിനുള്ള അപേക്ഷ പീബോഡി ഹൗസിംഗ് സൊസൈറ്റി സമർപ്പിക്കുകയും അനുകൂലമായ വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. 2020ൽ പതിവ് പരിശോധനയ്ക്കിടെ ഷീലയുടെ ഫ്ളാറ്റിൽ നിന്ന് പ്രതികരണം ഒന്നും ലഭിക്കാതെ വന്നതോടെ ഇവരുടെ പാചകവാതക കണക്ഷൻ ഹൗസിംഗ് സൊസൈറ്റി വിച്ഛേദിക്കുകയും ചെയ്തിരുന്നു. രണ്ട് വർഷത്തോളം മരിച്ചു കിടന്നിട്ടും ഷീലയുടെ മൃതദേഹം ആരും കണ്ടെത്താത്തതിലുള്ള അസ്വാഭാവികത കാരണം വൃദ്ധയുടെ മരണത്തിനു പിന്നിലെ കാരണം കണ്ടെത്താൻ കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഹൗസിംഗ് സൊസൈറ്റിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കണ്ടെത്തിയത്. തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പിഴവിൽ ഹൗസിംഗ് സൊസൈറ്റി മാപ്പ് പറഞ്ഞു.