
കണ്ണൂര്‍: പയ്യന്നൂരിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ടുപേർ അറസ്റ്റിൽ. സി.പി.എം പ്രവർത്തകരായ പയ്യന്നൂർ സ്വദേശി കശ്യപ് (23), പെരളം സ്വദേശി ഗനിൽ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് സൂചന. ഇരുവരെയും ഇന്ന് രാവിലെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
ജൂലായ് 12ന് പുലച്ചെയോടെയാണ് പയ്യന്നൂരിലെ ആർ.എസ്.എസ് കാര്യാലയമായ രാഷ്ട്രമന്ദിറിന് നേരെ ബോംബേറ് ഉണ്ടായത്. ആക്രമണത്തിൽ കെട്ടിടത്തിന്റെ ഗ്രില്ലുകൾക്കും ജനൽച്ചില്ലുകൾക്കും കേടുപറ്റിയിരുന്നു. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിൽ ബോംബ് എറിയുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നെങ്കിലും . പ്രതികളുടെ മുഖം വ്യക്തമായിരുന്നില്ല. രണ്ടു ബൈക്കുകളിലായി എത്തിയ സംഘം ആർ.എസ്.എസ് ഓഫീസിന് മുന്നിൽ വണ്ടി നിറുത്തി ബോംബെറിയുകയായിരുന്നു എന്നാണ് സി.സി. ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസ് അറിയിച്ചത്.