
ഹോങ്കോംഗ് : കഴിഞ്ഞ ദിവസം വിടപറഞ്ഞ മനുഷ്യ പരിചരണത്തിലുള്ള, ലോകത്തെ ഏറ്റവും പ്രായമുള്ള ആൺ ജയന്റ് പാണ്ട ആൻ ആനിന് മൃഗസ്നേഹികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ആൻ ആനിന്റെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് ആൻ ആനിനെ പാർപ്പിച്ചിരുന്ന ഹോംങ്കോങ്ങിലെ ഓഷൻ പാർക്ക്. ആൻ ആന്റെ അനാരോഗ്യവും പ്രായാധിക്യവും കണക്കിലെടുത്ത് ദയാവധത്തിന് വിധേയമാക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.
പങ്കാളിയായ ജിയ ജിയ എന്ന പാണ്ട 2016ൽ വിടപറഞ്ഞതിന് ശേഷം ഒറ്റപ്പെട്ട ആൻ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഖരാവസ്ഥയിലുള്ള ആഹാരം കഴിച്ചിരുന്നില്ല. പാർക്ക് അധികൃതർ നൽകുന്ന വെള്ളവും പോഷക ഘടകങ്ങളടങ്ങിയ ദ്രാവകങ്ങളും വളരെ പാടുപെട്ടായിരുന്നു ആൻ കുടിച്ചിരുന്നത്. 1999 മുതൽ തന്നോടൊപ്പം കഴിഞ്ഞിരുന്ന ജിയയുടെ വേർപാടിൽ മനംനൊന്ത് തന്റെ ജീവൻ സ്വയം ഇല്ലാതാക്കാനായിരിക്കാം ആൻ ശ്രമിച്ചിരിക്കുകയെന്ന് അധികൃതർ പറയുന്നു.
ചൈനീസ് സർക്കാർ പാർക്കിന് സംഭാവന നൽകിയതാണ് ജിയയെയും ആനിനെയും. 35 വയസായിരുന്നു ആൻ ആന്. മനുഷ്യായുസിന് ആനുപാതികമാകുമ്പോൾ 105 വയസിന് തുല്യമാണിത്. ലോകത്തെ ഏറ്റവും പ്രായം ചെന്ന പെൺ പാണ്ടയായിരുന്ന ജിയ ജിയ 38ാം വയസിലാണ് വിടപറഞ്ഞത്.