തിരുവനന്തപുരം/വടകര: മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തിയാൽ ചിലത് ചെയ്യേണ്ടിവരുമെന്ന് സൂചിപ്പിച്ച് വടകര എം.എൽ.എ കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലെഴുതിയ കത്ത് തിരുവനന്തപുരത്തെ എം.എൽ.എ ഓഫീസിലാണ് ലഭിച്ചത്.
പിണറായിയെ കുറ്റപ്പെടുത്തിയാൽ ഭരണം പോയാലും ചിലത് ചെയ്യേണ്ടിവരുമെന്ന് ഭീഷണിയുള്ള കത്ത് ഡി.ജി.പി അനിൽകാന്തിന് രമ കൈമാറി. ഭീഷണിയെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻ കുമാറിന് ഡി.ജി.പി നിർദ്ദേശം നൽകി.
'എം.എം മണി പറഞ്ഞതിൽ എന്താണ് തെറ്റ്? നിനക്ക് ഒഞ്ചിയം രക്തസാക്ഷികളെ അറിയാമോ? ഇനിയും ഞങ്ങളുടെ പിണറായി വിജയനെ കുറ്റം പറഞ്ഞാൽ ഭരണം നഷ്ടമായാലും വേണ്ടില്ല, ചിലത് ചെയ്യേണ്ടി വരും' എന്നിങ്ങനെയാണ് എടീ രമേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ഭീഷണിക്കത്തിലുള്ളത്. പയ്യന്നൂരിൽ വരുമ്പോൾ കാണിച്ചു തരാമെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.മുരളീധരൻ, കെ.സി വേണുഗോപാൽ എന്നിവർക്കും കത്തിൽ ഭീഷണിയുണ്ട്.