royal-enfield

റോയൽ എൻഫീൽഡ് വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന കാര്യമാണ് ഏറ്റവും പുതിയ ബൈക്കായ ഹണ്ടറിന്റെ വിവരങ്ങൾ. പുതുതലമുറ ബുള്ളറ്റുകളിൽ ഏറ്റവും വിലകുറഞ്ഞ വാഹനമായിരിക്കും ഹണ്ടർ എന്നതിൽ കവിഞ്ഞ് മറ്റൊരു വിവരവും ഇത്രനാളായും പുറത്തു വന്നിരുന്നില്ല. പക്ഷേ ഹണ്ടറിന്റെ വിവരങ്ങൾ മറച്ചുവയ്ക്കാനുള്ള എൻഫീൽഡിന്റെ ശ്രമങ്ങൾ വിഫലമായിരിക്കുകയാണ്. പുത്തൻ വാഹനത്തിന്റെ ഡിസൈൻ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. ഒരു ഷോറൂമിൽ വാഹനം ഇറക്കുന്നതിനിടെ എടുത്ത ഫോട്ടോകളിൽ നിന്നുമാണ് ഹണ്ടറിന്റെ ഡിസൈനും മറ്റ് കാര്യങ്ങളും ചോർന്നിരിക്കുന്നത്.

350 സിസി എൻജിൻ തന്നെയാകും ഹണ്ടറിൽ ഉപയോഗിക്കുക എന്നത് നേരത്തെ തന്നെ വ്യക്തമാക്കിയ കാര്യമാണ്. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഫോട്ടോകളിൽ നിന്ന് ഹണ്ടർ 350 രണ്ട് കളർ ഷേഡുകളിലായാണ് വിപണിയിൽ എത്തുക എന്നാണ് മനസിലാക്കുന്നത്. സിംഗിൾ-ടോൺ സിൽവർ ഷേഡിലും ഡ്യുവൽ-ടോൺ ബ്ലൂ ആൻഡ് വൈറ്റ് പെയിന്റ് ഷേഡിലുമുള്ള ഹണ്ടർ 350യുടെ ചിത്രങ്ങളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. ചിത്രങ്ങളിൽ നിന്ന് ഹണ്ടർ ഒരു കോംപാക്ട് മോട്ടോർസൈക്കിൾ ആയിരിക്കാനാണ് സാദ്ധ്യത. സിംഗിൾ പീസ് സീറ്റ്, സ്റ്റബി എക്‌സ്‌ഹോസ്റ്റ്, പത്ത് സ്‌പോക്ക് അലോയ് അല്ലെങ്കിൽ സ്‌പോക്ക് വീലുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഫോർക്ക് കവർ ഗെയ്‌റ്ററുകൾ, ഓഫ്‌സെറ്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയാണ് മറ്റ് ചില പ്രത്യേകതകൾ. റോയൽ എൻഫീൽഡിന്റെ ട്രിപ്പർ നാവിഗേഷൻ പോഡ് വാഹനത്തിനൊപ്പം അക്സസറിയായിലഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. മെറ്റിയോർ 350യിൽ ഉപയോഗിക്കുന്ന അതേ 349 സിസി സിംഗിൾ സിലിണ്ടർ എഫ് ഐ എഞ്ചിൻ തന്നെയായിരിക്കും ഹണ്ടറിനും കരുത്ത് പകരുക.