
തൃശൂർ: സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാനും മയക്കുമരുന്ന് ഉപയോഗത്തിന് കടിഞ്ഞാണിടാനും കൊടുങ്ങല്ലൂർ പൊലീസ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി എല്ലാ സ്വകാര്യ ബസുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ തീരുമാനമായി. ബസിനുള്ളിലെ തത്സമയ കാഴ്ചകൾ പൊലീസിന് കാണാൻ കഴിയുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.
അടുത്തിടെയായി ബസ് ജീവനക്കാർ എം.ഡി.എം.എ എന്ന മയക്കുമരുന്ന് ഉപയോഗിച്ചു വരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആറ് മാസം പൂർത്തിയാകുമ്പേഴേക്കും കാമറകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാക്കും. മൂന്നു മാസത്തിനുള്ളിൽ പകുതി കാമറകൾ സ്ഥാപിക്കും. കൊടുങ്ങല്ലൂർ മേഖലയിലൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. കാമറ സ്ഥാപിക്കുന്നതിലൂടെ ബസുകളിലെ എല്ലാതരത്തിലുമുള്ള കുറ്റകൃത്യങ്ങൾക്ക് വിരാമം ഉണ്ടാക്കാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.
മൂന്ന് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെ ജോലിക്ക് വയ്ക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിനെതിരെ ബസുകളിൽ ബോധവത്കരണ സ്റ്റിക്കറുകൾ പതിക്കുവാനും തീരുമാനിച്ചു. ബസുകളിൽ പാഴ്‌സൽ കയറ്റുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും നിർദ്ദേശമുണ്ട്. ജീവനക്കാർക്കായി ബോധവത്കരണ ക്ലാസും നടത്താൻ തീരുമാനമായിട്ടുണ്ട്.
പറവൂർ, തൃശൂർ, തൃപ്രയാർ, അഴീക്കോട്, കൊടുങ്ങല്ലൂർ, ഗുരുവായൂർ എന്നിവിടങ്ങളിലെ 35ഓളം ബസുടമകൾ യോഗത്തിൽ സംബന്ധിച്ചു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് കെ. ശങ്കരൻ നേതൃത്വം നൽകി.