
മെൽബൺ: ഓസ്‌ട്രേലിയയിൽ വടക്കൻ വിക്ടോറിയയിലെ മിൽഡുറ നഗരത്തിൽ നിന്നുള്ള വിചിത്ര കാഴ്ചയാണിത്. അസാധാരണമായ പിങ്ക് നിറത്തിൽ വൃത്താകൃതിയിലുള്ള പ്രകാശം ആകാശത്ത് പ്രത്യക്ഷപ്പെട്ടത് ഭീതിയോടെയാണ് ജനങ്ങൾ കണ്ടത്. ബുധനാഴ്ച വൈകിട്ട് പ്രത്യക്ഷമായ ഈ വിചിത്ര ആകാശത്തിന്റെ ചിത്രങ്ങളും വിഡിയോയും വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറലായി.
സംഭവം എന്താണെന്ന് ആർക്കും മനസിലായില്ലെങ്കിലും സംശയങ്ങളുമായി പലരും മുന്നോട്ട് വന്നു. പതിവ് പോലെ അന്യഗ്രഹ ജീവികളെ തന്നെയാണ് ഈ സംഭവത്തിലും സോഷ്യൽ മീഡിയ കൂട്ടുപിടിച്ചത്. അന്യഗ്രഹ ജീവികളുടെ പറക്കുംതളികകൾ വന്നതിന്റെ പ്രകാശമാകാമിതെന്ന് ചിലർ തമാശ രൂപേണ പറഞ്ഞു. ചിലരാകട്ടെ, ലോകാവസാനത്തിന്റെ സിഗ്നലാകാം ഇതെന്ന് തട്ടിവിട്ടു. ഇനി ഉൽക്കയോ ഛിന്നഗ്രഹമോ മറ്റോ പതിച്ചതാണോ എന്ന് ചിലർ സംശയം പ്രകടിപ്പിച്ചു. എന്നാൽ, ശരിക്കും ഇതൊന്നുമല്ല സംഭവം.
പിങ്ക് നിറത്തിലെ ഈ ആകാശത്തിന് പിന്നിൽ കഞ്ചാവ് ചെടികളാണ്.! നഗരത്തിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കാൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കഞ്ചാവ് ഫാമിൽ നിന്നാണ് ഈ പ്രകാശമെത്തിയത്. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഞ്ചാവ് ചെടിയുടെ വളർച്ചയ്ക്കിടെ ഓരോ ഘട്ടത്തിലും പല നിറത്തിലുള്ള ലൈറ്റുകൾ ഉപയോഗിക്കാറുണ്ട്. ചെടിയുടെ വളർച്ച കൂടാനാണ് ഇങ്ങനെ ചെയ്യുന്നത്.
അത്തരത്തിൽ കഞ്ചാവ് ചെടികളുടെ വളർച്ചയെ സഹായിക്കാൻ ഉപയോഗിച്ച പിങ്ക് ലൈറ്റാണ് ആകാശത്ത് വിചിത്ര ദൃശ്യം തീർത്തത്. ശരിക്കും ഈ വെളിച്ചം അബദ്ധത്തിൽ പുറത്തുകടന്നതാണ്. സാധാരണ വെളിച്ചം പുറത്ത് പോകാതിരിക്കാൻ പ്രത്യേക സംവിധാനങ്ങളുണ്ടായിരുന്നു. മാത്രമല്ല, ഇത്തരം ഫാമുകളുടെ സ്ഥാനം പൊതുവെ രഹസ്യ സ്വഭാവമുള്ളതുമാണ്. ചികിത്സയ്ക്കായി കഞ്ചാവിന്റെ ഉപയോഗത്തിന് 2016 മുതൽ ഓസ്ട്രേലിയയിൽ അനുമതിയുണ്ട്. എന്നാൽ, ലഹരിയ്ക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകരമാണ്.
കഴിഞ്ഞാഴ്ച അന്റാർട്ടിക്കയിൽ തിളങ്ങുന്ന പർപ്പിൾ, പിങ്ക്, ഓറഞ്ച് നിറങ്ങൾ ചേർന്ന വിചിത്ര ആകാശം പ്രത്യക്ഷപ്പെട്ടത് കൗതുകമായിരുന്നു. ജനുവരിയിൽ പസഫിക് സമുദ്രത്തിലെ ടോംഗ ദ്വീപിലുണ്ടായ അഗ്നിപർവത സ്ഫോടനമായിരുന്നു ഇതിന് പിന്നിൽ.
7,000 കിലോമീറ്റർ അകലെയുള്ള ടോംഗയിലെ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ പുറന്തള്ളിയ എയറോസോളുകൾ അന്റാർട്ടിക്കയുടെ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയർ പാളിയിൽ തങ്ങി നിന്നതായിരുന്നു പർപ്പിൾ കലർന്ന ആകാശത്തിന് കാരണം.