
ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസിൽ ട്രക്കിടിച്ച് ആറ് കൻവാർ ഭക്തർ മരിച്ചു. അമിതവേഗത്തിലെത്തിയ ട്രക്ക് ഭക്തർക്കിടയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഒരാളുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ 2.15ഓടെയാണ് അപകടം നടന്നത്. ഹരിദ്വാറിൽ നിന്ന് ഗ്വാളിയോറിലേക്ക് പോകുകയായിരുന്ന ഏഴ് കൻവാർ ഭക്തരെയാണ് അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുവീഴ്ത്തിയത്. ഇതിൽ ആറുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആഗ്ര മെഡിക്കൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കൻവാർ ഭക്തർക്ക് സൗകര്യമൊരുക്കാൻ നിയോഗിച്ച യു പി പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഹരിദ്വാറിൽ നിന്ന് ഇരുചക്രവാഹനങ്ങളിൽ മടങ്ങുന്ന തീർത്ഥാടകർക്ക് ഹെൽമറ്റുകളും ദേശീയ പതാകകളും വിതരണം ചെയ്തിരുന്നു. ഭക്തരെ സഹായിക്കാൻ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗറിൽ ഒരു കൺട്രോൾ റൂമും പൊലീസ് സ്ഥാപിച്ചിരുന്നു. ഭക്തർക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ ഉടൻ സഹായിക്കാനും ക്രമസമാധാനം തകർക്കാൻ ശ്രമിച്ചാൽ ഉടനടി കർശന നടപടിയെടുക്കാനും പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 'ശ്രാവണ' മാസത്തിൽ ഗംഗാ നദിയിലെ ജലം കൊണ്ടുവരാൻ ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഗൗമുഖ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ശിവഭക്തർ കാൽനടയായാണ് കൻവാർ യാത്ര നടത്തുന്നത്.