
പാലക്കാട്: മണ്ണാർക്കാട് സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ സാദാചാര ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട് മണ്ണാർക്കാട്ടിലെ ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്നു എന്നതിന്റെ പേരിൽ കരിമ്പ എച്ച് എസ് എസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സ്‌കൂൾ വിട്ടതിന് പിന്നാലെ സമീപത്തെ ബസ് സ്റ്റോപ്പിൽ അഞ്ച് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും ഇരിക്കുകയായിരുന്നു. ഈ സമയം അവിടേയ്ക്ക് വന്ന ഒരാൾ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് കണ്ട് ചോദ്യം ചെയ്യുകയും വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും മർദ്ദിക്കാൻ തുനിയുകയും ചെയ്തെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തപ്പോൾ ഒരു കൂട്ടം നാട്ടുകാർ ചേർന്ന് അദ്ധ്യാപകന്റെ മുന്നിൽവച്ച് മർദ്ദിക്കുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ഇതിന് മുൻപും ഇത്തരത്തിൽ സംഭവമുണ്ടായിട്ടുണ്ട്. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ നാട്ടുകാർ അധിക്ഷേപിക്കുന്നത് പതിവാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ സ്കൂൾ സമയം കഴിഞ്ഞാലും ഏറെ വൈകിയും വിദ്യാർത്ഥികൾ ബസ് സ്റ്റോപ്പിൽ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് നാട്ടുകാരുടെ വാദം.