mullappally-vm-sudheeran-

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും കോഴിക്കോട് വച്ച് നടക്കുന്ന ചിന്തൻ ശിബിരത്തിൽ പങ്കെടുക്കില്ല. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനുമായുള്ള അഭിപ്രായവ്യത്യാസമാണ് കാരണമെന്നാണ് സൂചന.

കോണ്‍ഗ്രസ് നവസങ്കല്‍പ്പ് ചിന്തന്‍ ശിബിരിന് ഇന്ന് തുടക്കമാവുകയാണ്. സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും രണ്ട് ദിവസം നീളുന്ന ചിന്തന്‍ ശിബിരത്തിൽ ചര്‍ച്ചയാകും. കെ പി സി സി ഭാരവാഹികള്‍ക്കു പുറമേ ഡിസിസി പ്രസിഡന്റുമാരും പോഷകസംഘടനാ ഭാരവാഹികളുമടക്കം 200ഓളം പ്രതിനിധികളാണ് കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിന്‍കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുക. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചിന്തന്‍ ശിബിരം ഉദ്ഘാടനം ചെയ്യും. കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ്‌വിജയ സിംഗ്, എ ഐ സി സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ എന്നിവര്‍ എ ഐ സി സി യെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ ഉടനീളം പങ്കെടുക്കും.