
പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരം ലഭിച്ച സന്തോഷത്തിൽ തമിഴ് താരം സൂര്യ. താരത്തിന് ആശംസകൾ നേർന്ന് മലയാളത്തിലെ പ്രിയ നടൻമാർ എത്തിയിരിക്കുകയാണ്. 68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയ താരത്തിന്റെ 47ാം ജന്മദിനമാണിന്ന്. മമ്മൂട്ടിയും മോഹൻലാലും സൂര്യയ്ക്ക് ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
ദേശീയ പുരസ്കാരം. മനോഹരമായ ജന്മദിന സമ്മാനം, പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി കുറിച്ചത്.
ചില ജന്മദിന സമ്മാനങ്ങൾ വിലയേറിയ യാദൃശ്ചികങ്ങളാണ്. ഒരിക്കൽ കൂടി ജന്മദിനാശംസകളും അഭിനന്ദനങ്ങളും, പ്രിയ സൂര്യ എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
സുരറൈ പോട്ര് എന്ന ചിത്രത്തിലെ അതിഗംഭീര പ്രകടനത്തിനാണ് സൂര്യ പുരസ്കാരത്തിന് അർഹനായത്. ഇന്ത്യയിലെ ആദ്യ ബഡ്‌ജറ്റ് എയർലൈനായ എയർ ഡെക്കാൻ സ്ഥാപകനും മലയാളിയുമായ ജി.ആർ. ഗോപിനാഥിന്റെ ജീവിതകഥ പറയുന്നതാണ് സുരറൈ പോട്ര്. ചിത്രത്തിലെ അഭിനയത്തിന് നായികയായ അപർണാ ബാലമുരളി മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി.