court

തിരുവനന്തപുരം: വിദേശ വനിതയുടെ കൊലക്കേസ് വിചാരണയ്ക്കിടെ പൊലീസ് കോടതിയിൽ ഹാജരാക്കിയ ഫോട്ടോ കാണാതായി. അതിന് പിന്നിൽ പ്രതിഭാഗം അഭിഭാഷകരാണെന്ന് കോടതി അരോപിച്ചു. ഫോട്ടോ കണ്ടെത്താനായില്ലെങ്കിൽ ഇക്കാര്യം ഹെെക്കോടതിയെ അറിയിക്കുമെന്നും പ്രതിഭാഗം അഭിഭാഷകർക്കെതിരെ എഫ്. ഐ. ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുമെന്നും ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. കെ. ബാലകൃഷ്ണൻ അറിയിച്ചു. സാക്ഷി വിസ്താരം നിറുത്തി വച്ച് ക്ഷുഭിതനായി ജഡ്ജി ചേംബറിലേയ്ക്ക് മടങ്ങാൻ ഒരുങ്ങി.

ഫോട്ടോ കാണാതായതിന്റെ ഉത്തരവാദത്തിൽ നിന്ന് കോടതിക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്ന് പ്രതിഭാഗം അഭിഭാഷകരായ ദിലീപ് സത്യനും മൃദുൽ ജോൺ മാത്യൂവും പറഞ്ഞു.

കോടതി ഹാളിലുള്ള എല്ലാവരെയും ദേഹ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെട്ടു. ഇത് കേട്ട് വീണ്ടും സിറ്റിൽ ഇരുന്ന ജഡ്ജി, ആരും കോടതി മുറിക്ക് പുറത്ത് പോകരുതെന്നും രണ്ട് മണിയ്ക്കകം ഫോട്ടോ കണ്ടെത്തണമെന്നും ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകി. ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ജഡ്ജി ചേംബറിലേയ്ക്ക് മടങ്ങിയെങ്കിലും അഭിഭാഷകരും ജീവനക്കാരും കോടതി മുറിയിൽ തങ്ങി. ജഡ്ജി ചേംബറിലെത്തി മേശപ്പുറം പരിശോധിച്ചപ്പോൾ കാണാതായ ഫോട്ടോ കണ്ടുകിട്ടി. പ്രശ്നം പരിഹരിച്ചതോടെ ഉച്ചയക്ക് ശേഷം കേസ് വിചാരണ വീണ്ടും ആരംഭിച്ചു.

വിദേശ വനിതയുടെ മൃതദേഹം കിടന്നിടത്തെ ഇൻക്വസ്റ്റ് തയ്യാറാക്കിയപ്പോഴാണ് പൊലീസ് 21 ഫോട്ടോ എടുത്തത്. കഴിഞ്ഞ ദിവസം മറ്റൊരു സാക്ഷിയെ വിസ്തരിച്ചപ്പോൾ ഈ 21 ഫോട്ടോയും സാക്ഷിയെ കാണിച്ച് കോടതി രേഖയായി അടയാളപ്പെടുത്തിയിരുന്നു. ഇപ്രകാരം കോടതിയിൽ അടയാളപ്പെടുത്തുന്ന രേഖകൾ ജഡ്ജിമാർ അവരുടെ സൗകര്യത്തിന് തങ്ങളുടെ ചേംബറിൽ വച്ചാണ് ഒപ്പിടുന്നത്. പതിവ് പോലെ ഈ ഫോട്ടോകളും കോടതി ജീവനക്കാർ കഴിഞ്ഞ ദിവസം തന്നെ ജഡ്ജിയുടെ ചേംബറിൽ എത്തിച്ചിരുന്നു. രേഖകളിൽ ഒപ്പിട്ട ശേഷം ജഡ്ജി ഫോട്ടോ മടക്കി നൽകിയപ്പോഴാണ് അതിൽ ഒരെണ്ണം മേശപ്പുറത്തെ ഫയലുകൾക്കിടയിൽ കുടുങ്ങിയത്.