
ഹൈദരാബാദ്: ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ 17കാരനായ മുസ്ലീം ബാലനെ 40 പേർ ചേർന്ന് മർദ്ദിച്ചതായി പരാതി. ബോണലു ഘോഷയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് 14പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഘോഷയാത്ര കടന്നുപോയ വഴിയിൽ നിൽക്കുകയായിരുന്ന കുട്ടിയുടെ നെറ്റിയിൽ ചിലർ ചന്ദനം ചാർത്തി. പിന്നീട് ജയ് ശ്രീറാം എന്ന് വിളിക്കാൻ അവർ ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചതോടെ ഘോഷയാത്രയിൽ പങ്കെടുത്ത 40 പേർ ചേർന്ന് അധിക്ഷേപിക്കുകയും മർദ്ദിക്കുകയുമായുമായിരുന്നു. കുട്ടിയുടെ ബന്ധുക്കൾ ചാർമിനാർ പൊലീസിന് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 14പേരെ തിരിച്ചറിഞ്ഞത്. അന്യായമായി തടഞ്ഞുനിർത്തൽ, മുറിവേൽപ്പിക്കൽ, അസഭ്യം പറഞ്ഞ് പ്രകോപനം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.