partha-chatterjee

കൊൽക്കത്ത: അടുത്ത സുഹൃത്തിൽ നിന്ന് ഇരുപത് കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതിന് പിന്നാലെ പശ്ചിമ ബംഗാൾ വാണിജ്യ- വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജി കള്ളപ്പണക്കേസിൽ അറസ്റ്റിൽ. അദ്ധ്യാപക നിയമന വിവാദവുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തത്.

പണം കണ്ടെടുത്തതിന് പിന്നാലെ ഇരുപത്തിനാല് മണിക്കൂറിലേറെ ത്രിണമൂൽ നേതാവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടയിൽ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ചർമാർ എത്തി പരിശോധിക്കുകയും ചെയ്തിരുന്നു. ആരോഗ്യനില തൃപ്തികരമാണന്ന് അറിയിച്ചതിന് ശേഷമാണ് വീണ്ടും ചോദ്യം ചെയ്യൽ തുടർന്നത്. എന്നാൽ അന്വേഷണത്തോട് സഹകരിക്കാൻ മന്ത്രി തയ്യാറാവാത്തതിനെത്തുടർന്നാണ് അറസ്റ്റുണ്ടായത്. വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കോടതി മുമ്പാകെ മന്ത്രിയുടെ കസ്റ്റഡി ആവശ്യപ്പെടുമെന്ന് ഇഡി അറിയിച്ചു.

പാർത്ഥ ചാറ്റർജിയുടെ സുഹൃത്തായ അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്ന് 20 കോടി രൂപയും 20ൽ അധികം മൊബൈൽ ഫോണുകളും ഇന്നലെയാണ് ഇഡി പിടിച്ചെടുത്തത്. അദ്ധ്യാപക നിയമന വിവാദവുമായി ബന്ധപ്പെട്ട പണമാണിതെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. കേസ് ഇഡിയ്ക്ക് പുറമേ സിബിഐയും അന്വേഷിക്കുന്നുണ്ട്. നിയമനത്തിലെ ക്രമക്കേടുകളാണ് സിബിഐ അന്വേഷിക്കുന്നത്.

അതേസമയം, തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ബിജെപിയുടെ തന്ത്രമാണ് റെയിഡെന്ന് ഭരണകക്ഷിയായ ത്രിണമൂൽ കോൺഗ്രസ് ആരോപിച്ചു.