
പത്തനംതിട്ട: കുമ്പനാട് പണംവച്ച് ചീട്ട് കളിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. പത്തനംതിട്ട എ ആർ ക്യാമ്പിലെ എസ് ഐ എസ് കെ അനിൽ, സിവിൽ പൊലീസ് ഓഫീസർ അനൂപ് കൃഷ്ണൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു.
ഈ മാസം പതിനാറാം തീയതിയാണ് കുമ്പനാട് നാഷണൽ ക്ലബിൽവച്ച് പണം വച്ച് ചീട്ട് കളിച്ച സംഘത്തെ പൊലീസ് പിടികൂടിയത്. പത്ത് ലക്ഷത്തിലധികം രൂപയും പിടിച്ചെടുക്കുകയും ചെയ്തു. സംഭവസ്ഥലത്തുവച്ച് പന്ത്രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.
ചീട്ട് കളിച്ചതിന് അറസ്റ്റിലായവരിൽ രണ്ടുപേർ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് അന്ന് തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. സ്റ്റേഷൻ ജാമ്യത്തിൽ പന്ത്രണ്ട് പേരെയും വിട്ടയച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഇതിനുമുൻപും പണംവച്ച് ചീട്ട് കളിച്ചിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.