e-pharmacy

കൊല്ലം: കൊവിഡ് പ്രതിസന്ധിയുടെ മറവിൽ വ്യാജവാഗ്ദാനങ്ങൾ നൽകി ഇ - ഫാർമസികൾ വിറ്റഴിച്ചത് കോടികളുടെ മരുന്നുകൾ. കൊവിഡ് മുക്തി, രോഗ പ്രതിരോധം എന്നിവ മുൻനിറുത്തി നിരവധി നിയമവിരുദ്ധ വെബ്‌സൈ​റ്റുകൾ പ്രചരിക്കുന്നതായി നാഷണൽ അസോസിയേഷൻ ഒഫ് ബോർഡ്‌സ് ഒഫ് ഫാർമസി (എൻ.എ.ബി.പി) 2020ൽ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ചില ഓൺലൈൻ കമ്പനികളുടെ മരുന്ന് വ്യാപാരം വിലക്കിയെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഇവ വീണ്ടും സജീവമായി.

ഇ - ഫാർമസി ബിസിനസിൽ കോടികളുടെ നിക്ഷേപ സമാഹരണം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കൊച്ചി ആസ്ഥാനമായിരുന്ന ഒരു ഇ - ഫാർമസിയെ വിലക്കിയതിനെ തുടർന്ന് അവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ആസ്ഥാനം ബംഗളൂരുവിലേക്ക് മാറ്റുകയും മുമ്പത്തേക്കാൾ ശക്തമായി ഇ - ഫാർമസി രംഗത്ത് സജീവമാവുകയും ചെയ്തു. വ്യാജ വാഗ്ദാനങ്ങളിൽ പൊതിഞ്ഞ് വില്പന കൊവിഡ് മരുന്നെന്ന പേരിൽ ക്ലോറോക്വിൻ, ഹൈഡ്രോക്‌സി ക്ലോറോക്വിൻ, ലോപിനാവിർ, റി​റ്റോണാവീർ തുടങ്ങിയ മരുന്നുകളാണ് വിൽക്കുന്നത്.

100 ശതമാനം ഫലപ്രാപ്തിയെന്ന വാഗ്ദാനം നൽകിയാണ് വില്പന. കൊവിഡ് സംബന്ധിച്ച വാക്കുകളും ശൈലികളും ചേർത്താണ് സൈ​റ്റുകൾ നാമകരണം ചെയ്യുന്നത്. 2020ൽ രജിസ്റ്റർ ചെയ്ത സൈറ്റുകളിൽ 90 ശതമാനവും വ്യാജമാണെന്ന് എൻ.എ.ബി.പി കണ്ടെത്തിയിരുന്നു.

കൊച്ചി ആസ്ഥാനമായ ഇ - ഫാർമസി

 ആരംഭിച്ചത് 2014 ൽ

 2019ൽ സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ലൈസൻസ് റദ്ദാക്കി

 കൊവിഡ് പശ്ചാത്തലത്തിൽ വീണ്ടും സജീവം

 മൊബൈൽ ആപ്പ് തയ്യാറാക്കി മരുന്ന് വില്പന

 ഉറക്ക ഗുളികകളും അബോർഷൻ മരുന്നുകളും വിൽക്കുന്നു

 ഹൈക്കോടതിയെ സമീപിച്ചെങ്കിലും തെളിവുകൾ വിനയായി

 മ​റ്റ് സംസ്ഥാനങ്ങളിൽ നിന്ന് കച്ചവടം നടത്തുമെന്ന് വെല്ലുവിളി

 ഇപ്പോൾ പ്രവർത്തനം ബംഗളൂരു കേന്ദ്രീകരിച്ച്

'ഇ - ഫാർമസി ബിസിനസിൽ കോടികളുടെ നിക്ഷേപ സമാഹരണമാണ് ഓരോ വർഷവും സംസ്ഥാനത്ത് നടക്കുന്നത്. മരുന്നുകൾ എത്തിക്കാൻ വിപുലമായ ശൃംഖലയുണ്ട്'. -ആരോഗ്യ വിദഗ്ദ്ധർ