midday-meal

കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. മാംസം, മത്സ്യം, മുട്ട എന്നിവയുള്‍പ്പടെയുള്ള ഭക്ഷണങ്ങള്‍ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാം എന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസവകുപ്പ് പ്രധാനാദ്ധ്യാപകര്‍ക്ക് നൽകിയ ഉത്തരവിൽ പറയുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി വന്ന പ്രഫുൽ ഘോടാ പാട്ടീൽ നടപ്പാക്കിയ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായിട്ടാണ് ദ്വീപിലെ സ്കൂളുകളിൽ മാംസാഹാരം നേരത്തെ ഒഴിവാക്കിയത്. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങളും ദ്വീപിൽ നടന്നിരുന്നു. ദ്വീപിന്‍റെ കാലങ്ങളായുളള ഭക്ഷണരീതിയിലേക്കടക്കം ഭരണകൂടം കടന്നുകയറുകയാണെന്ന് വിമ‍ർശനവുമുയർന്നു.

അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനത്തിനെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രവർത്തകനും കവരത്തി സ്വദേശിയുമായ അഡ്വക്കേറ്റ് അജ്‌മൽ അഹമ്മദ് നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടാത്തതിനാൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് സുപ്രീംകോടതി തൽസ്ഥിതി തുടരാനും അഡ്മിനിസ്ട്രേറ്റർക്കടക്കം നോട്ടീസയക്കാനും ഉത്തരവിട്ടത്. എന്നാൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്ന് രണ്ട് മാസത്തിനുശേഷമാണ് ഭരണകൂടം ഇത് നടപ്പാക്കുന്നത്.