nv-ramana

ന്യൂഡൽഹി: രാജ്യത്തെ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. മാദ്ധ്യമങ്ങൾ കംഗാരു കോടതികളായി വിചാരണ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ ജനാധിപത്യത്തെ പിന്നോട്ടടിപ്പിക്കുന്നുവെന്നും എൻ.വി.രമണ പറഞ്ഞു. റാഞ്ചി ഹൈക്കോടതിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.

'ജഡ്ജിമാർക്കെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പെയ്‌നുകൾ നടക്കുന്നുണ്ട്. ഇതിനെതിരെ ജഡ്ജിമാർ പ്രതികരിക്കാതിരിക്കുന്നത് അവര്‍ ദുര്‍ബലരോ നിസഹായരോ ആയതിനാലാണെന്ന് തെറ്റിദ്ധരിക്കരുത്. മാദ്ധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് ശക്തമായ നിയന്ത്രണം വേണമെന്ന ആവശ്യം ഉയരുകയാണ്. മാദ്ധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടത്. ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചാല്‍ ബാഹ്യ നിയന്ത്രണങ്ങള്‍ ആവശ്യമില്ല. എന്നാല്‍ അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ട് മാദ്ധ്യമങ്ങൾ നിയന്ത്രണങ്ങള്‍ ക്ഷണിച്ച് വരുത്തരുത്.

മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാഴ്‌ചപ്പാടുകൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും വ്യവസ്ഥിതിയെ തകർക്കുകയും ചെയ്യുന്നു. ജനാധിപത്യത്തോട് മാദ്ധ്യമങ്ങൾക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. ആ ചുമതല നിങ്ങൾ മറക്കുമ്പോൾ അവിടെ ജനാധിപത്യം തന്നെ രണ്ടടി പിന്നോട്ട് പോകും. പ്രിന്റ് മീഡിയ ഇപ്പോഴും ഒരു പരിധിവരെ ഉത്തരവാദിത്തം കാണിക്കുന്നുണ്ട്. ഇല്കട്രോണിക് മീഡിയ ഒട്ടും ഉത്തരവാദിത്തമില്ല. സാമൂഹിക മാദ്ധ്യമങ്ങള്‍ അതിലും മോശമാണ്'- ജസ്റ്റിസ് രമണ പറഞ്ഞു.

കൊടും ക്രിമിനലുകളെ ജയിലില്‍ അടയ്ക്കുന്ന ജഡ്ജിമാര്‍ക്ക് വിരമിച്ചതിന് ശേഷം ഒരു സുരക്ഷാ സംരക്ഷണവും ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് രമണ പറഞ്ഞു. സമൂഹത്തില്‍ പ്രത്യേക സുരക്ഷ ഒന്നുമില്ലാതെയാണ് ജഡ്ജിമാര്‍ ജീവിക്കേണ്ടി വരുന്നത്. വിരമിച്ചതിന് ശേഷവും ചില രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും ഒക്കെ സുരക്ഷ ലഭിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.