ramayana

രാമായണത്തിലെ ആത്മഹർഷഭരിതമായ ഹൃദയബന്ധമാണ്
ശ്രീരാമ -ആഞ്ജനേയ കഥ. ശിവൻ,വായു,കേസരി(വാനരരാജൻ) എന്നീ മൂന്ന് പിതാക്കളുടെയും മൂന്ന് മാതാക്കളുടെയും ഏകപുത്രനാണ് ശ്രീഹനുമാൻ. മാരുതിയുടെ ജനനത്തോടെ ശാപമുക്തയായ അഞ്ജന സ്വർഗപ്രാപ്തിക്ക് ഒരുങ്ങവേ തന്റെ ജീവനവൃത്തി ഇനിയെന്തെന്ന് അന്വേഷിച്ച മാരുതിയോട് 'ഒരിയ്ക്കലും നാശം വരില്ലെന്നുംഉദയ സൂര്യനെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇതുപോലെ തുടുത്ത പഴങ്ങൾ എന്നുമെവിടെയും നിനക്കാഹാരമായിരിയ്ക്കുമെന്ന്' അനുഗ്രഹിച്ച് അപ്രത്യക്ഷയായി. അമ്മയുടെ വാക്ക് മനസിൽ സൂക്ഷിച്ച അഞ്ജനാസുതൻ പിന്നീട് തുടുത്തുരുണ്ടു തിളങ്ങുന്ന സൂര്യബിംബം കണ്ട്, ഭക്ഷ്യവസ്തുവാണെന്ന്കരുതി കുതിച്ചുചാടി . സൂര്യബിംബം വിഴുങ്ങിക്കളഞ്ഞേക്കുമെന്നു പരിഭ്രാന്തനായ ഇന്ദ്രൻ ആ ബാലന്റെ നേർക്ക് വജ്രായുധം പ്രയോഗിച്ചു. വജ്രം കൊണ്ടുള്ള ഏറ് താടിയിൽത്തട്ടി മുറിപ്പെട്ട അഞ്ജനാസുതൻ ഭൂമിയിൽ വീണു. ഇതുകണ്ട വായുദേവൻ കുട്ടിയെയുമെടുത്തു പാതാളത്തിൽ താമസമാക്കി. വായു ലഭിയ്ക്കാതെ ദേവഗണങ്ങളെല്ലാം ഭൂമിയിലെത്തി. ബ്രഹ്മനിർദേശത്താൽ വായുദേവൻ കുഞ്ഞിനെയും കൊണ്ടു ഭൂമിയിൽവന്നു. സംതൃപ്തരായ ദേവാധിനാഥന്മാർ അഞ്ജനാപുത്രന് ഹനുവിൽ (താടിയിൽ ) ക്ഷതമുദ്ര പതിഞ്ഞതിനാൽ ഹനുമാൻ എന്ന് നാമകരണംചെയ്തു.

പിൽക്കാലത്തു രാമാവതാരവേളയിൽ എല്ലാ മഹത്കൃത്യങ്ങൾക്കും ഭാഗധേയനായി മാറി, മാരുതി. ചുണ്ടിൽ സർവദാ രാമനാമവും ഹൃദയത്തിൽ ശ്രീരാമരൂപവുമായി രാമായണത്തിൽ നിറഞ്ഞുനിൽക്കുന്ന ശ്രീഹനുമാൻ സത്യധർമ്മ പരിപാലനത്തിനായി വിനീതവിധേയനായി നിൽക്കുന്ന ചിത്രം ഭക്തിയോടുകൂടി മാത്രമേ ആരും ദർശിക്കൂ. അശോകവനികയിലിരിക്കുന്ന സീതാദേവിയെ തേടിയെത്തി രാമനാമാങ്കിതമായ അംഗുലീയം നൽകിയ ഹനുമാൻ, അവിടെനിന്നും ശ്രീരാമന് നൽകാൻ സീതാദേവിയുടെ ചൂഡാരത്നവുമായാണ് മടങ്ങിയത്.

ആഞ്ജനേയ ക്ഷേത്രസന്നിധിയിൽ ചെല്ലുന്നവർ ആദ്യം പ്രാർത്ഥിക്കുക ശ്രീരാമദേവനെയാണ്. തന്റെ ആത്മബന്ധുവായ , ലോകസ്വരൂപനായ ശ്രീരാമചന്ദ്രഭഗവാനെ സ്മരിച്ചശേഷമേ തന്നെ സ്മരിയ്ക്കുകവേണ്ടൂ. അല്ലാതെയുള്ള പ്രാർത്ഥന ഹനുമാൻ ഒരുതരത്തിലും കൈക്കൊള്ളുകയില്ല! മറ്റൊരു ദേവതകൾക്കുമില്ലാത്ത വ്യത്യസ്തതയാണിത്.