baby

തിരുവനന്തപുരം: ഡ്രിപ്പിടുന്നതിനിടെ ഒന്നരവയസുകാരന്റെ കാലിൽ ഒടിഞ്ഞ് തറച്ച സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിൽ പനിയ്ക്ക് ചികിത്സയിലായിരുന്ന കുഞ്ഞിന്റെ കാലിലാണ് സൂചി ഒടിഞ്ഞുതറച്ചത്. തുടർന്ന് എസ് എ ടി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുക്കുകയായിരുന്നു.

അരുവിപ്പുറം സ്വദേശികളായ ദമ്പതികളുടെ ഒന്നരവയസുകാരനായ കുഞ്ഞിനെ തിങ്കളാഴ്ചയാണ് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കുഞ്ഞിന്റെ കൈയിൽ ഡ്രിപ്പിട്ടെങ്കിലും കടുത്ത വേദനയെ തുടർന്ന് കാലിൽ കുത്തുകയായിരുന്നു. തുടർന്ന് സൂചി ഒടിഞ്ഞ് കാലിൽ തറയ്ക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ എസ് എ ടി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചു. വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ കാലിൽ നിന്നും സൂചി പുറത്തെടുത്തത്. ഇത് സംബന്ധിച്ച വിശദീകരണം ആശുപത്രി വൃത്തങ്ങൾ നൽകിയിട്ടില്ല. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്നും അവർ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. കുഞ്ഞിന് വേദനയുണ്ടെന്ന് പറഞ്ഞെങ്കിലും നഴ്സുമാർ കേട്ടില്ലെന്നും മോശമായാണ് പെരുമാറിയതെന്നും കുഞ്ഞിന്റെ അമ്മ പ്രതികരിച്ചു.