
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന് സംസ്ഥാനത്ത് വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രി വിളിച്ച ജില്ലാ കലക്ടർമാരുടെ യോഗത്തിലാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വിപുലമായി നടത്താൻ തീരുമാനിച്ചത്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. കുടുംബശ്രീ മുഖേനയായിരിക്കും ദേശീയപതാക നിർമാണം. പതാകകളുടെ ഉത്പാദനം കുടുംബശ്രീ ആരംഭിച്ചിട്ടുണ്ട്. ഖാദി, കൈത്തറി മേഖലകളെയും പതാക ഉൽപാദനത്തിൽ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പരമാവധി സ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്താനാണ് മുഖ്യമന്ത്രി നിര്‍ദേശം നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്താനാണ് നിർദേശം. ഓഗസ്ത് 13ന് ഉയർത്തുന്ന പതാക 15 വരെ നിലനിർത്താം. ഈ സമയത്ത് രാത്രികാലങ്ങളിൽ പതാക താഴ്‌ത്തേണ്ട ആവശ്യമില്ല. ഇതിനായി ഫ്ളാഗ് കോഡിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ഓഗസ്റ്റ് 12 നുള്ളിൽ പതാകകൾ സ്കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പതാക വിതരണത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കാകും പ്രാഥമിക മുൻഗണന നൽകുക. വിദ്യാർത്ഥികൾ ഇല്ലാത്ത വീടുകളിൽ പതാക ഉയർത്താനാവശ്യമായ ക്രമീകരണങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണം.
പതാക ഉയർത്തിയ ശേഷം സ്കൂളുകളിൽ ചെറിയ ദൂരത്തിൽ ഘോഷയാത്ര നടത്തണമെന്നും സർക്കാർ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരും ഓഫീസിലെത്തി പതാക ഉയർത്തൽ ചടങ്ങിൽ പങ്കാളികളാവണമെന്നും നിർദേശമുണ്ട്. ഘോഷയാത്രയും ഇവർക്ക് സംഘടിപ്പിക്കാം.