ss

തിരുവനന്തപുരം:സ്ത്രീ വിരുദ്ധ മൗലിക വാദങ്ങളെ പ്രതിരോധിക്കുക,സമൂഹത്തിൽ സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാകമ്മിറ്റി സംഘടിപ്പിച്ച വനിതാ മുന്നേറ്റ ജാഥയായ 'ഉണർവ്' തിരുവനന്തപുരം സൗത്ത് ജില്ലയിൽ പര്യടനം പൂർത്തിയാക്കി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച ജാഥ കാട്ടാക്കട എം.എൻ.വി.ജി.അടിയോടി നഗറിൽ സമാപിച്ചു.കാട്ടാക്കട ബസ് സ്റ്റാൻഡ് അങ്കണത്തിൽ നടന്ന സമാപന യോഗം കവി ഗിരീഷ് പുലിയൂർ വനിതാ ഐക്യജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സൗത്ത് ജില്ലാ വനിതാകമ്മിറ്റി പ്രസിഡന്റ് ബി.ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു. കവയിത്രി റഹീമ പേഴുംമൂട്, ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ് ഖാൻ, ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, സംസ്ഥാന ട്രഷറർ കെ.പി. ഗോപകുമാർ, സംസ്ഥാന സെക്രട്ടറി എസ്. സജീവ്, സെക്രട്ടേറിയറ്റംഗങ്ങളായ എം.എം.നജീം,ബീന ഭദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.സിന്ധു, യു.സിന്ധു, വി.ശശികല സംസ്ഥാന വനിതാ കമ്മിറ്റി അംഗങ്ങളായ ആർ.സരിത, ഐ.പത്മകുമാരി തുടങ്ങിയവർ പങ്കെടുത്തു.ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ്. സുഗൈതകുമാരി ക്യാപ്ടനും സെക്രട്ടേറിയറ്റ് അംഗം വി.വി. ഹാപ്പി വൈസ് ക്യാപ്ടനും സംസ്ഥാന പ്രസിഡന്റ് ബിന്ദു രാജൻ മാനേജരുമായുള്ള വനിതാ മന്നേറ്റജാഥ കാസർഗോഡ് നിന്നാണ് ആരംഭിച്ചത്. സമാപന സമ്മേളനം 25ന് വൈകിട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കളിയാട്ടം എന്ന നാടകവും കൊല്ലം പ്രകാശ് കലാകേന്ദ്രം അവതരിപ്പിക്കുന്ന തീണ്ടാരിപ്പച്ച എന്ന നാടകവും അവതരിപ്പിക്കും.