
ന്യൂഡൽഹി: സ്വർണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിക്കെതിരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സുപ്രീം കോടതിയെ സമീപിച്ചു. വിധി പറയും മുൻപ് തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നാണ് ശിവശങ്കർ നൽകിയ ഹർജിയിൽ പറയുന്നത്.
കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് സ്വർണക്കടത്ത് കേസിന്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ ഡി കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപിച്ചത്. ബംഗളൂരുവിലേക്ക് കേസ് മാറ്റണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം.
കേരളത്തിൽ കേസിന്റെ വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിച്ച് അട്ടിമറിയുണ്ടാകുമെന്നാണ് ഇ ഡിയുടെ വാദം. നിലവിൽ കേസ് എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. സ്വപ്ന സുരേഷ്, സന്ദീപ് നായർ, ശിവശങ്കർ, സരിത്ത് എന്നിവരാണ് കേസിലെ പ്രതികൾ.