photo-1-

കണ്ണൂർ: സ്‌കൂൾ ബസിൽ കയറാൻ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി അമ്മയ്‌ക്ക് മുന്നിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വണ്ടിച്ചാലിൽ രാമഭവനിൽ പരേതനായ കിഷോറിന്റെയും (പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരൻ) ഹോമിയോ ഡോക്ടറും പരിയാരം ഗവ. മെഡിക്കൽ കോളേജ് ഓഫീസ് ജീവനക്കാരിയുമായ ലിസിയുടെയും ഏക മകൾ നന്ദിത ടി. കിഷോറാണ് (16) മരിച്ചത്.

ഇന്നലെ രാവിലെ 7.45ന് ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേ​റ്റിന് സമീപമായിരുന്നു അപകടം. സി.ബി.എസ്.സി പത്താംക്ലാസ് പരീക്ഷയിൽ 84 ശതമാനം മാർക്കോടെ ജയിച്ച നന്ദിത വെള്ളിയാഴ്ചയാണ് കക്കാട് ഭാരതീയ വിദ്യാഭവനിൽ പ്ലസ് വണ്ണിന് ചേർന്നത്. ഇന്നലെ മുതലാണ് ക്ലാസ് തുടങ്ങിയത്. രാവിലെ അമ്മയ്‌ക്കൊപ്പം കാറിലാണ് സ്‌കൂൾ ബസെത്തുന്ന ചിറയ്ക്കൽ രാജാസ് സ്‌കൂളിന് സമീപത്തേക്ക് നന്ദിത എത്തിയത്. എന്നാൽ ഈ സമയത്ത് റെയിൽവേ ഗേ​റ്റ് അടഞ്ഞുകിടക്കുകയായിരുന്നു. ഈ സമയം ഗേറ്റിനപ്പുറത്ത് നന്ദിതയുടെ സഹപാഠി നിൽപ്പുണ്ടായിരുന്നു. തുടർന്ന് ഗേറ്റിന്റെ താഴ്ഭാഗത്തുകൂടി പാളത്തിലെത്തിയപ്പോഴേക്കും കുതിച്ചെത്തിയ പരശുറാം എക്‌സ്‌പ്രസ് നന്ദിതയെ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ ഉടൻ എ.കെ.ജി ആശുപത്രിയിലും പിന്നീട് മിംസ് ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിച്ചു.